പുല്‍വാമ ആക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ്; എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് അഞ്ച് വര്‍ഷം തടവും പിഴയും

ബംഗളൂരു: പുല്‍വാമ ആക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇരുപത്തിരണ്ടുകാരനായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ച് ബംഗളൂരു പ്രത്യേക കോടതി. ബംഗളൂരു കച്ചറകാനഹള്ളി സ്വദേശി ഫായിസ് റഷീദാണ് കേസിലെ പ്രതി.

സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രതി സന്തോഷിച്ചു. ഭീകരാക്രമണം ആഘോഷിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നും പ്രതിയുടെ കുറ്റകൃത്യം രാജ്യത്തിന് എതിരാണെന്നും കോടതി വ്യക്തമാക്കി. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടത്തിയ ചാവേര്‍ ആക്രമണത്തെ പിന്തുണച്ച്, പ്രതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടതിനുള്ള തെളിവ് പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ടെന്നും കോടതി അറിയിച്ചു. ഭീകരാക്രമണം ആഘോഷിക്കുകയും, സൈന്യത്തെ പരിഹസിക്കുകയും ചെയ്യുന്ന രീതിയില്‍ 23 കമന്റുകളാണ് വിവിധ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ താഴെ റഷീദ് ഇട്ടത്.

അതേസമയം, പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് സി എം ഗംഗാധര ഉത്തരവിട്ടു.