ഹൈദരാബാദ്: തെലങ്കാനയിൽ ടിആർഎസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹൈദരാബാദിലൂടെയുള്ള പദയാത്രയിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ടിആർഎസ് സർക്കാരും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ബിജെപിയുമായി ചേർന്ന് ജനതാൽപര്യത്തിന് എതിരായി പ്രവർത്തിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
എപ്പോഴൊക്കെ ബിജെപി പാർലമെന്റിൽ ബിൽ കൊണ്ടുവരുമോ അപ്പോഴൊക്കെ ടിആർഎസ് ബിജെപിയെ പിന്തുണയ്ക്കുമെന്നും കരിനിയമമായ കാർഷിക നിയമം പാസാക്കിയപ്പോൾ പോലും ഇതായിരുന്നു അവസ്ഥയെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയും ടിആർഎസും യോജിച്ചു പ്രവർത്തിക്കുകയാണ്. ഒരു മിഥ്യാബോധത്തിലും അകപ്പെട്ടുപോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പിന് മുൻപ് നിങ്ങളുടെ മുഖ്യമന്ത്രി നാടകം കളിക്കും. നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന് നേരിട്ടു ബന്ധമുണ്ട്. മോദിജി വിളിച്ചാൽ ഒരു സെക്കൻഡ് പോലും വൈകാതെ മുഖ്യമന്ത്രി മറുപടി നൽകിയിരിക്കും. മോദിജിയാണ് നിങ്ങളുടെ മുഖ്യമന്ത്രിക്ക് ഉത്തരവുകൾ നൽകുന്നത്. ഇന്ന് ഇത് ചെയ്യണമെന്നും നാളെ അതു ചെയ്യണമെന്നുമാണ് ഉത്തരവുകൾ. എത്ര അധ്വാനിച്ചാലും കൃഷിസ്ഥലത്തുനിന്ന് യാതൊരു ലാഭവും ലഭിക്കുന്നില്ലെന്നാണ് തെലങ്കാനയിലെ കർഷകരുടെ പരാതി. 24 മണിക്കൂറും ജോലി ചെയ്താലും പാടത്തു നിന്ന് വരുമാനം ലഭിക്കുന്നില്ല. ബിജെപിയും ടിആർഎസും കർഷകരെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നില്ല, താങ്ങുവില ഉറപ്പാക്കുന്നില്ല, പകരം മൂന്ന് കരിനിയമങ്ങൾ കൃഷിനിയമങ്ങളായി ഇറക്കിയെന്നും കർഷകരിൽ നിന്ന് എല്ലാം നേടാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു.

