കൊച്ചി: ചീത്ത വിളിച്ചതു കൊണ്ടു മാത്രം ഗവര്ണര്ക്കുള്ള പ്രീതി നഷ്ടമാകില്ലെന്നും നിയമവിരുദ്ധമായി പ്രവര്ത്തിച്ചാല് മാത്രമാണ് പ്രീതി നഷ്ടമാവുകയെന്നും ഹൈക്കോടതി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരായ ഹര്ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരെങ്കിലും ബോധപൂര്വ്വം നിയമം ലംഘിച്ചോ എന്നാണ് ഗവര്ണര് നോക്കേണ്ടതെന്നും ഇത് കോടതി നേരത്തെ അറിയിച്ചിരുന്നുവെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
അതിനിടെ, കേരള സര്വ്വകലാശാല സെനറ്റ് അംഗങ്ങള്ക്കെതിരായ നടപടിയെ ന്യായീകരിച്ച് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചു. വൈസ് ചാന്സലര് നിയമനം വൈകുന്നത് ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് സത്യവാങ്മൂലത്തില് വിശദീകരിക്കുന്നു. സെനറ്റ് അംഗമെന്ന നിലയില് ചുമതലകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതില് അംഗങ്ങള് പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങളാണ് ഗവര്ണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്.

