എന്തിനാണ് വെറുതെ വിവാദങ്ങൾ ഉണ്ടാക്കുന്നത്; സെർച്ച് കമ്മറ്റിയിലേക്ക് അംഗത്തെ നോമിനേറ്റ് ചെയ്യാത്ത സെനറ്റിന്റെ നടപടിക്കെതിരെ ഹൈക്കോടതി

കൊച്ചി: കേരള സർവ്വകലാശാലയിലെ വിസി നിയമനത്തിനുള്ള സെർച്ച് കമ്മറ്റിയിലേക്ക് അംഗത്തെ നോമിനേറ്റ് ചെയ്യാത്ത സെനറ്റിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സെനറ്റ് ഒരു നോമിനിയെ നിർദ്ദേശിക്കുകയാണ് വേണ്ടതെന്നും എന്തിനാണ് വെറുതെ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും കോടതി ചോദിച്ചു.

കോടതിയുടെ ആശങ്ക വിദ്യാർത്ഥികളെ കുറിച്ചാണ്. ഈ നാടകത്തിന് പിന്നിലുള്ള വ്യക്തികളെക്കുറിച്ച് കോടതചി ആശങ്കപ്പെടുന്നില്ല. സെർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. എന്നാൽ കോടതിയോട് ഒളിച്ചു കളിക്കരുതെന്നും യൂണിവേഴ്‌സിറ്റിയോട് ജഡ്ജി വ്യക്തമാക്കി.

അതേസമയം, കേരള മുൻ വിസിയ്ക്കും സെനറ്റിനുമെതിരെ ഗവർണ്ണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധമാണെന്ന് അദ്ദേഹം വിമർശിച്ചു. പുതിയ വിസി നിയമനം വേഗത്തിലാക്കാനാണ്. നടപടി നിയമപരമാണ്. വിജ്ഞാപനം പിൻവലിക്കാൻ സെനറ്റ് ആവശ്യപ്പെട്ടത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.