തിരുവനന്തപുരം: പോലീസ് സേനയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ശരിയല്ലാത്ത ചെയ്തികളുണ്ടാകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തീർത്തും ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം പ്രവർത്തികൾ സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരക്കാർക്ക് സേനയുടെ ഭാഗമായി തുടരാൻ അർഹതയില്ല. നാടിന് ചേരാത്തതും ജനങ്ങൾക്കും പോലീസ് സേനയ്ക്കും ഒരുതരത്തിലും അംഗീകരിക്കാൻ പറ്റാത്തതുമായ ചെയ്തികൾ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ അത് സ്വാഭാവികമായും വിമർശനത്തിന് ഇടയാകും. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഏറ്റവും നല്ല യശസ്സിൽ നിൽക്കുന്ന സേനയ്ക്ക് അങ്ങേയറ്റം അവമതിപ്പുണ്ടാക്കാൻ വഴിവയ്ക്കുന്ന ഒന്നായിട്ടാണ് തീർത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ജനങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കാത്ത ചില പ്രവർത്തികൾ ഉണ്ടാകുമ്പോൾ അതിനെതിരേ വിമർശനമുണ്ടാകും. അതിൽ അസ്വസ്ഥപ്പെടാതെ വിമർശനത്തെ പോസിറ്റീവായി കാണണം. പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത ഒറ്റപ്പെട്ട സംഭവങ്ങളെ സമൂഹം ഗൗരവത്തോടെ ശ്രദ്ധിക്കുന്നുണ്ട്. ആരുടെയും കഞ്ഞികുടി മുട്ടിക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമല്ല. എന്നാൽ തെറ്റുചെയ്യുന്ന ഒരാളേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

