ഷാരോണ്‍ വധക്കേസ്: നിയമോപദേശം തേടി ക്രൈംബ്രാഞ്ച്‌

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്. കൊല്ലാനായി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയ സംഭവം തമിഴ്നാട്ടിലായതിനാല്‍ തുടരന്വേഷണത്തിലെ നിയമപരമായ ആശയക്കുഴപ്പം ഇല്ലാതാക്കുന്നതിനാണ് നിയമോപദേശം തേടിയത്.

അതേസമയം, ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്. തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. എന്നാല്‍, ഷാരോണ്‍ മരിച്ചത് തിരുവനന്തപുരത്ത് വെച്ചാണ്. ഷാരോണിന്റെ വീട് മുര്യങ്കരയിലാണ്. ഇരുവരുടെയും വീടുകള്‍ തമ്മില്‍ ഏഴ് കിലോമീറ്റര്‍ ദൂരമുണ്ട്.

പാറശാല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ തുടരന്വേഷണത്തില്‍ നിയമ പ്രശ്നങ്ങളുണ്ടോ, തമിഴ്നാട് പൊലീസിന് കേസ് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണ സംഘം നിയമോപദേശം തേടുകയായിരുന്നു.