തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ജനകീയ പഠനസമിതിയെ നിയോഗിച്ചതായി സമരസമിതി. തീരശോഷണം പഠിക്കാനായാണ് ജനകീയ പഠനസമിതിയെ നിയോഗിച്ചത്. മൂന്ന് മാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കുമെന്ന് സമര സമിതി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലൂടെയാണ് സമര സമിതി ഇക്കാര്യം വ്യക്തമാക്കിയത്. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഷിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് മുൻ ഡീൻ ഡോ. കെ.വി.തോമസിന്റെ അധ്യക്ഷതയിലാണ് തീരശോഷണം സംബന്ധിച്ച പഠനം നടത്തുക.
അതേസമയം, വിഴിഞ്ഞം സമരത്തിന് പിന്തുണ നൽകുന്ന ചില സംഘടനകൾക്ക് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണം സമരസമിതി നിഷേധിച്ചു. ഇത് സംബന്ധിച്ചുണ്ടാകുന്ന ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ലത്തീൻ അതിരൂപത അറിയിച്ചു. വിഴിഞ്ഞം സമരത്തിനിടയിൽ മാദ്ധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സമരസസമിതി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ദേശീയപാതാ വികസനത്തിന് സമാനമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും സമര സമിതി ഉന്നയിച്ചിട്ടുണ്ട്. ഫിഷറീസ് മന്ത്രി അബ്ദു റഹിമാൻ നടത്തിയ അനൗദ്യോഗിക ചർച്ചയിലാണ് സമര സമിതി ഇക്കാര്യം ആവശ്യപ്പെട്ടത്.

