മരണപ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യം; ഗുജറാത്തിലെ പാലം അപകടം രാഷ്ട്രീയവത്ക്കരിക്കാനില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഗുജറാത്തിൽ പാലം തകർന്നു വീണുണ്ടായ അപകടത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അപകടം രാഷ്ട്രീയവത്കരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തെ രാഷ്ട്രീയവത്കരിക്കുന്നത് മരണപ്പെട്ടവരെ അപമാനിക്കുന്നതാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. അപകടത്തിന് ഉത്തരവാദി ആരെന്ന് കരുതുന്നു എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭാരത് ജോഡോ യാത്രക്കിടെ തെലങ്കാനയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് മാദ്ധ്യമ പ്രവർത്തകർ രാഹുൽ ഗാന്ധിയോട് ഇത്തരമൊരു ചോദ്യം ചോദിച്ചത്.

ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നില്ല. അവിടെ ആളുകൾക്ക് ജീവൻ നഷ്ടമായി. രാഷ്ട്രീയവത്കരിക്കുന്നത് അവരെ അപമാനിക്കുന്നതാണ്. അതുകൊണ്ട് താനങ്ങനെ ചെയ്യില്ലെന്ന് രാഹുൽ പ്രതികരിച്ചു. അതേസമയം, മോർബി തൂക്കുപാലം അപകടത്തിൽ മരണസംഖ്യ 141 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. മരണപ്പെട്ടവരിൽ രാജ്‌കോട്ട് എംപി മോഹൻഭായ് കല്യാൺജി കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകട സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.