നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വലിയ ജാഗ്രത പുലർത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളപ്പിറവി ദിന സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വലിയ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് കേരളം പുരോഗതിയിലേക്കെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിൽനിന്നുള്ള മടങ്ങിപ്പോക്ക് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും. ജനങ്ങളുടെ ബോധമണ്ഡലത്തെ മലീമസമാക്കുന്ന അത്തരം ശക്തികൾക്കെതിരെ ഒരേ മനസ്സോടെ അണിചേരുമെന്ന് ദൃഢപ്രതിജ്ഞ കൈക്കൊള്ളേണ്ട സന്ദർഭം കൂടിയാണ് ഈ കേരളപ്പിറവി ദിനമെന്നും അദ്ദേഹം അറിയിച്ചു.

തിരു – കൊച്ചി, മലബാർ എന്നിങ്ങനെ വേർപെട്ടു കിടന്നിരുന്ന പ്രദേശങ്ങൾ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി മാറിയിട്ട് അറുപത്തിയാറു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ത്യാഗോജ്ജലങ്ങളായ നിരവധി പോരാട്ടങ്ങളും സാംസ്‌കാരികമായ മുന്നേറ്റങ്ങളുമാണ് ഐക്യകേരളം സാധ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ കേരളപ്പിറവിദിന സന്ദേശം:

തിരു – കൊച്ചി, മലബാർ എന്നിങ്ങനെ വേർപെട്ടു കിടന്നിരുന്ന പ്രദേശങ്ങൾ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി മാറിയിട്ട് അറുപത്തിയാറു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ത്യാഗോജ്ജലങ്ങളായ നിരവധി പോരാട്ടങ്ങളും സാംസ്‌കാരികമായ മുന്നേറ്റങ്ങളുമാണ് ഐക്യകേരളം സാധ്യമാക്കിയത്.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന എന്ന മുദ്രാവാക്യം ആദ്യം മുന്നോട്ടുവെച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. 1946 ൽ പുറത്തിറങ്ങിയ ഇ. എം. എസിന്റെ ‘ഒന്നേകാൽ കോടി മലയാളികൾ’, ഏതാണ്ട് 46-47 ഘട്ടത്തിൽത്തന്നെ പുറത്തുവന്ന ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്നീ കൃതികളിൽത്തന്നെ ഇതിന്റെ വിത്തുകൾ കാണാം. ആന്ധ്രാപ്രദേശിൽ പി. സുന്ദരയ്യയ്യുടെ ‘വിശാലാന്ധ്ര’യും ബംഗാളിൽ ഭവാനിസെന്റെ ‘നൂതൻ ബംഗാളും’ ഒക്കെ ഇറങ്ങിയത് ഇതോടു ചേർത്തു വായിക്കണം. ആന്ധ്രാപ്രദേശിലാവട്ടെ, പോറ്റി ശ്രീരാമലുവിന് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം എന്ന ആവശ്യം മുൻനിർത്തിയുള്ള സമരത്തിൽ ജീവൻ തന്നെ നൽകേണ്ടിവന്നു. അങ്ങനെ ശക്തിപ്പെട്ടുവന്ന ആശയത്തിന്റെ സാഫല്യമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയത്തിൽ കണ്ടത്.

ആ ഐക്യകേരളത്തെ സ്വപ്നം കണ്ടവർക്ക് ഭാവികേരളത്തെക്കുറിച്ചുള്ള വ്യക്തമായ സങ്കൽപങ്ങളുണ്ടായിരുന്നു. അതു യാഥാർത്ഥ്യമാക്കിയെടുക്കാനാണ് ഐക്യകേരളപ്പിറവിക്കു തൊട്ടുപിന്നാലെ കേരളത്തിൽ അധികാരത്തിൽ വന്ന 1957 ലെ ഇ. എം. എസ് മന്ത്രിസഭ മുതൽക്കിങ്ങോട്ടു കേരളത്തിലെ പുരോഗമന സ്വഭാവമുള്ള മന്ത്രിസഭകളാകെ ശ്രമിച്ചത്. ഇന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നവകേരള നിർമ്മാണം, വിജ്ഞാന സമൂഹനിർമ്മാണം, വിജ്ഞാന സമ്പൽഘടനാ രൂപീകരണം എന്നിവയിലൂടെ മുന്നോട്ടുകൊണ്ടുപോവുകയാണ് ആ പ്രക്രിയ.

കേരളസംസ്ഥാന രൂപീകരണത്തിനു മുമ്പേതന്നെ കേരളത്തിനായുള്ള ഒരു വികസന കാഴ്ചപ്പാടിനു കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം നൽകി. സാധാരണക്കാരെ മുന്നിൽക്കണ്ടുകൊണ്ടുള്ള ആ വികസന രേഖയ്ക്കു ജനകീയ അംഗീകാരവും ലഭിച്ചു. ആദ്യ ഇ. എം. എസ് സർക്കാർ ഈ വികസനരേഖയുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്.

എന്നാൽ, പിന്തിരിപ്പൻ ശക്തികളുടെ തിട്ടൂരത്തിനു കേന്ദ്ര സർക്കാർ വഴങ്ങിയതിനാൽ ആ സർക്കാരിനു കാലാവധി പൂർത്തിയാക്കാനായില്ല. അതുകൊണ്ടുതന്നെ അന്നു മുന്നോട്ടുവെച്ച പ്രവർത്തന പരിപാടികൾ തുടർന്നും ഏറ്റെടുക്കാനാണ് 1967 ൽ അധികാരത്തിലെത്തിയ രണ്ടാം ഇ. എം. എസ് സർക്കാർ ശ്രമിച്ചത്.

ഇത്തരം ഇടപെടലുകൾ സൃഷ്ടിച്ച മുന്നേറ്റത്തിന്റെ ഫലമായിരുന്നു ഭൂപരിഷ്‌ക്കരണവും സാർവ്വത്രിക വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും മറ്റ് സാമൂഹ്യ സുരക്ഷാ പദ്ധതികളും എല്ലാം. കർഷകത്തൊഴിലാളികൾക്ക് ക്ഷേമപെൻഷൻ, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം അങ്ങനെ എത്രയേറേ ഭാവനാപൂർണ്ണമായ പദ്ധതികളാണ് പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ ഏറ്റെടുത്തത്. വിദ്യാഭ്യാസ – സാമൂഹ്യ ക്ഷേമ മേഖലകളിൽ എൽ. ഡി. എഫ് സർക്കാരുകൾ നടത്തിയ ഇടപെടലുകൾ ഒന്നുംതന്നെ പാഴായി പോയിട്ടില്ല എന്നാണ് ഈ രംഗങ്ങളിലെ നേട്ടങ്ങൾ സൂചിപ്പിക്കുന്നത്. മാനവവികസന സൂചികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പ്രതിബന്ധങ്ങളോ, പ്രതിസന്ധികളോ ഇല്ല എന്നല്ല. വ്യാവസായിക മുന്നേറ്റത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലൊക്കെ നമുക്ക് ഏറെ മുന്നേറാനുണ്ട്.

അത്തരം പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള 600 ഇന പരിപാടിയുമായാണ് 2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയത്. വിദ്യാഭ്യാസ – ആരോഗ്യ മേഖലകളെ ലോകോത്തര നിലവാരത്തിലേക്കുയർത്തിയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയും പാർപ്പിട രംഗത്ത് ഇടപെടലുകൾ കാര്യക്ഷമമാക്കിയും ഒക്കെ നവകേരള സൃഷ്ടിക്കുള്ള അടിത്തറ പാകാൻ കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനായി. അതിന്റെയൊക്കെ ഫലമായി കൈവന്ന ജനവിശ്വാസത്തിലൂന്നിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടർഭരണത്തിലെത്തിയത്.

ഇക്കുറി 900 വാഗ്ദാനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെച്ചത്. അതിൽ 85 ശതമാനം കാര്യങ്ങളിലും പ്രാഥമിക നടപടികളിലേക്കു കടക്കാൻ കഴിഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണ് എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണസംസ്‌കാരത്തിന്റെ ഭാഗമായിവേണം ഇതിനെ കാണാൻ. കേരളത്തിന്റെ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയുന്ന പല പദ്ധതികളും പൂർത്തീകരണത്തോട് അടുക്കുകയാണ്. 2026 ഓടെ നാൽപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചും മൂല്യവർദ്ധിത വ്യവസായങ്ങൾക്കു പ്രാധാന്യം നൽകിയും നൂതന സാങ്കേതികവിദ്യാ രംഗത്ത് മുന്നേറ്റം നടത്തിയും ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരിച്ചും കേരളത്തെ പുരോഗമനോന്മുഖമായി മാറ്റിത്തീർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ്.

ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഈ സർക്കാർ. വിജ്ഞാനം എന്നത് കേവലം ക്ലാസ് മുറികളിലോ അക്കാദമിക് രംഗത്തോ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ലോകത്തെവിടെയും ഉണ്ടാകുന്ന അറിവുകളെ നമ്മുടെ സമ്പദ്ഘടനയിലേക്കു കൂട്ടിച്ചേർത്തുകൊണ്ട് അതിനെ പുരോഗമനോന്മുഖമായി പരിവർത്തിപ്പിക്കുക എന്നതാണ് പ്രധാനം. ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അറിവിന്റെ ജനാധിപത്യവത്ക്കരണം. എല്ലാ പൗരന്മാർക്കും അറിവ് ആർജ്ജിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനായി ബഹുമുഖമായ ഇടപെടലുകൾ സാധ്യമാകേണ്ടതുണ്ട്. വിജ്ഞാനവിതരണത്തിനുതകുന്ന വിധം ആധുനിക സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കണം. വ്യവസായങ്ങളും ഉന്നതവിദ്യാഭ്യാസവുമായി ഒരു ജൈവബന്ധം രൂപപ്പെടുത്തണം. ലോക വിജ്ഞാനഘടനയുമായി നമ്മുടെ നാടിനെ ബന്ധിപ്പിക്കണം. അതിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ.

2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുമ്പോൾ കേരളത്തിലെ മൂന്ന് ഐ. ടി പാർക്കുകളിലായി 640 കമ്പനികളും 78,068 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഒന്നരക്കോടി ചതുരശ്രയടിയായിരുന്നു ഐ. ടി പാർക്കുകളുടെ വിസ്തീർണ്ണം. 9,753 കോടി രൂപയുടെ ഐ. ടി കയറ്റുമതിയാണ് അന്നുണ്ടായിരുന്നത്. ഐ. ടി മേഖലയിൽ നടത്തിയ കാര്യക്ഷമമായ ഇടപെടലുകളുടെ ഫലമായി ഇന്നിവിടെ 1,106 കമ്പനികളും 1,35,288 ജീവനക്കാരുമുണ്ട്. ഐ. ടി പാർക്കുകളുടെ വിസ്തീർണ്ണം 2 കോടിയിലേറെ ചതുരശ്രയടിയായി. 17,356 കോടി രൂപയുടെ ഐ. ടി കയറ്റുമതിയാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്.

ഇതിനൊക്കെ പുറമെ ദേശീയപാത 66 ന് സമാന്തരമായി നാല് ഐ. ടി ഇടനാഴികൾ സംസ്ഥാനത്ത് സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് നിലവിലുള്ള ഐ. ടി കേന്ദ്രങ്ങളിൽ നിന്നാണ് ഇവ ഉത്ഭവിക്കുക. തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ കൊല്ലം വരെയും ചേർത്തല മുതൽ എറണാകുളം വരെയും എറണാകുത്ത് നിന്ന് കൊരട്ടി വരെയും കോഴിക്കോട് മുതൽ കണ്ണൂർ വരെയുമാണ് ഇടനാഴികൾ. ദേശീയ പാതയ്ക്ക് സമാന്തരമായി ഐ. ടി പാർക്കിന് അനുയോജ്യമായവിധം 15 മുതൽ 25 ഏക്കർ വരെ ഭൂമി ഏറ്റെടുക്കും. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമിയിൽ 50,000 മുതൽ 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള 20 ചെറിയ സാറ്റ്ലൈറ്റ് ഐ. ടി പാർക്കുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഈ സർക്കാരിന്റെ കാലത്ത് 90,168 ചെറുകിട – ഇടത്തരം സംരംഭങ്ങളാണ് ആരംഭിച്ചത്. 2021-22 സാമ്പത്തിക വർഷത്തെ സംരംഭക വർഷമായി ആചരിക്കുകയാണ്. ആദ്യത്തെ ഇരുന്നൂറ് ദിനം കൊണ്ടുതന്നെ 75,000 സംരംഭങ്ങൾ തുടങ്ങാനായി. ഇതിലൂടെ 4,694 കോടി രൂപയുടെ നിക്ഷേപങ്ങളും സംഭരിച്ചു. ഇതുവഴി 1,65,301 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. ഇതിൽത്തന്നെ 25,000 സംരംഭങ്ങൾ വനിതകളുടേതാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ഇന്റർനെറ്റ് അവകാശമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. ആ അവകാശം എല്ലാവർക്കും പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താനാണ് കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത്. കെ-ഫോണിലൂടെ എല്ലാവർക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഗുണമേന്മയുള്ള അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ്. അതിനായി 30,000 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയാണ് നിലവിൽ വരുന്നത്. 1,611 കോടി രൂപ ചിലവഴിക്കുന്ന ഈ പദ്ധതിയുടെ 85 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു. കെ-ഫോണിന് ഐ പി-1 സർട്ടിഫിക്കേഷനും ഐ എസ് പി-ബി ലൈസൻസും ലഭ്യമായിട്ടുണ്ട്.

വർദ്ധിച്ച ജനസാന്ദ്രതയും വാഹനപ്പെരുപ്പവും നേരിടുന്ന സംസ്ഥാനമാണ് കേരളം. അതിനാൽ നമ്മുടെ ഗതാഗത സൗകര്യങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. ദീർഘവീക്ഷണത്തോടെ പാരിസ്ഥിതിക സൗഹൃദമായ കാഴ്ചപ്പാടോടെ വേണം നൂതന ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ. അനിശ്ചിതമായി നീണ്ടുപോയ ദേശീയപാതാ വികസനത്തിന്റെ തടസ്സങ്ങൾ നീക്കാനായി എന്നതുതന്നെയാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സുപ്രധാനമായ നേട്ടം. ദേശീയ പാതയ്ക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന്റെ 25% ചെലവു വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇത് ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനുമില്ല. 5,580 കോടി രൂപയാണ് ഇതിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. റോഡ് ഗതാഗതം പോലെ തന്നെ ജലഗതാഗത രംഗത്തും റെയിൽ ഗതാഗത രംഗത്തും വ്യോമ ഗതാഗത രംഗത്തും കാര്യക്ഷമമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്.

കേരളത്തിന്റെ വ്യാവസായിക മുന്നേറ്റവും വികസനവും ലക്ഷ്യംവെച്ചുള്ള പരിപാടികൾ ആവിഷ്‌കരിക്കുമ്പോഴും ക്ഷേമ പദ്ധതികളിൽ നിന്നും ഒരിഞ്ച് പിന്നിലേക്കു പോകാൻ സർക്കാർ തയ്യാറല്ല. ഈ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ മാത്രം 1,406 കോടി രൂപയാണ് വിതരണം ചെയ്തത്. ലൈഫ് മിഷൻ മുഖേന 50,650 വീടുകൾ നിർമ്മിച്ചു നൽകി. 3,828 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമ്മിച്ച ഭവനങ്ങൾ കൂടി എടുത്താൽ ലൈഫ് പദ്ധതി മുഖേന 3 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് വീട് ലഭ്യമായത്. തീരദേശ മേഖലയിലെ പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിനായി രൂപീകരിച്ച പുനർഗേഹം പദ്ധതി മുഖേന 1,704 വീടുകൾ നിർമ്മിച്ചു നൽകി. 390 കുടുംബങ്ങൾക്ക് ഫ്ളാറ്റ് നിർമ്മിച്ചു നൽകി. 556 ഫ്ളാറ്റുകൾ നിർമ്മാണ ഘട്ടത്തിലാണ്. കേരളത്തിലെ പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ നടത്തുന്ന ഇടപെടലുകളുടെ ആത്മാർത്ഥത തിരിച്ചറിഞ്ഞ പലരും ‘മനസ്സോടിത്തിരി മണ്ണ്’ എന്ന പദ്ധതിയുടെ ഭാഗമായി ഭൂരഹിതർക്ക് ഭൂമി കൈമാറാൻ തയ്യാറായി. 17 ഏക്കർ ഭൂമിയാണ് ഇതുവഴി ലഭ്യമായത്. 57 ലക്ഷം പേർക്ക് ക്ഷേമ പെൻഷനുകൾ മുടങ്ങാതെ ലഭ്യമാകുന്നുണ്ട്. 583 കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജമായി. 849 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും 102 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളെയും ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായി ഉയർത്തി.

വിലക്കയറ്റം പിടിച്ചുനിർത്താൻ പൊതുവിതരണ സംവിധാനത്തിൽ ശക്തമായി ഇടപെടുന്ന ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴും, രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയത്. ഈ സർക്കാരിന്റെ കാലത്തു മാത്രം 4,814 കോടി രൂപയാണ് പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ചിലവഴിച്ചത്. വികസന പദ്ധതികളിൽ ശ്രദ്ധയൂന്നുമ്പോൾ തന്നെ ക്ഷേമ പദ്ധതികളിലും സർക്കാർ കാര്യക്ഷമമായി ഇടപെടുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇവയെല്ലാം.

പൊതുവിദ്യാഭ്യാസ രംഗത്തു നാം കൈവരിച്ച നേട്ടങ്ങൾക്ക് ആനുപാതികമായി ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റിത്തീർക്കുന്നതിനുള്ള ഇടപെടലുകളും സർക്കാർ നടത്തിവരികയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ശാക്തീകരണത്തിനായി സർക്കാർ നടത്തിയ ഇടപെടലുകൾ ഫലം കാണുന്നു എന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ പരിശോധനയിൽ കേരള സർവകലാശാലയ്ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും കാലിക്കറ്റ്, ശ്രീ ശങ്കരാചാര്യ, കുസാറ്റ് എന്നീ സർവ്വകലാശാലകൾക്ക് എ പ്ലസ് ഗ്രേഡും കരസ്ഥമാക്കാൻ കഴിഞ്ഞു. മറ്റ് സർവ്വകലാശാലകളും മികച്ച പ്രകടനമാണ് വിവിധ മേഖലകളിൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ജൂൺ മാസത്തിൽ പുറത്തിറങ്ങിയ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് റിപ്പോർട്ട് പ്രകാരം കേരളത്തിലെ പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ നൂറിൽ ഇടം നേടിയിട്ടുണ്ട്. കേരളത്തിലെ മൂന്ന് സർവകലാശാലകൾ ഓവറോൾ റാങ്കിങ്ങിലെ ആദ്യ നൂറിലുണ്ട്. യൂണിവേഴ്സിറ്റികളുടെ റാങ്കിങ്ങിൽ നമ്മുടെ നാലു സർവകലാശാലകൾ ആദ്യ നൂറിലുണ്ട്. കോളേജുകളിൽ 17 എണ്ണമുണ്ട്. മാനേജ്മെന്റ്, ആർക്കിടെക്ച്ചർ, ഫാർമസി, ഡെന്റൽ എന്നിവയിൽ ഓരോന്ന് വീതവുമുണ്ട്.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ളതും എന്നാൽ കേരളത്തിൽ സ്ഥിതി ചെയ്യുന്നതുമായ മൂന്ന് എഞ്ചിനീയറിംഗ് കോളജുകൾ, രണ്ട് മാനേജ്മെന്റ് കോളജുകൾ, ആർക്കിടെക്ച്ചർ, മെഡിക്കൽ എന്നിവയിലെ ഓരോ കോളജുകൾ വീതവും അതത് പഠനശാഖകളുടെ ആദ്യ നൂറെണ്ണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ കണക്കുകൾ നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തിനാകെ പ്രചോദനമാണ്. എല്ലാ സർവകലാശാലകളെയും മികവുറ്റവയാക്കി മാറ്റുക ലക്ഷ്യമിട്ട് സന്തുലിതമായ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്.

നവകേരള സൃഷ്ടിയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സമാധാനപൂർണ്ണമായ സാമൂഹ്യാന്തരീക്ഷം. ഈ സാമൂഹ്യാന്തരീക്ഷത്തിൽ ഊന്നിനിന്നുകൊണ്ടുവേണം നാം വിഭാവനം ചെയ്ത തരത്തിലുള്ള പുതിയ കേരളം പടുത്തുയർത്താൻ. അതിനു തടസ്സം സൃഷ്ടിക്കുവാൻ ചിലരെങ്കിലും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. വർഗീയ സംഘർഷങ്ങളില്ലാത്ത, മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമെന്ന പദവിയാണ് അത്തരക്കാരെ അസ്വസ്ഥരാക്കുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വലിയ ജാഗ്രത പുലർത്തണം. നമ്മുടെ നാടിനെ കാർന്നുതിന്നുന്ന മറ്റൊരു മഹാവിപത്താണ് മയക്കുമരുന്നിന്റെ ഉപയോഗം. ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ നമുക്ക് നാട്ടിൽ നിന്നും ഇല്ലാതാക്കാൻ അതിവിപുലമായ ഒരു ക്യാമ്പയിൻ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. എല്ലാവിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഈ പോരാട്ടത്തിൽ നാം ഓരോരുത്തരും കണ്ണിചേരണം.

നവോത്ഥാന കാലഘട്ടത്തിന്റെ സംഭാവനയായ ശാസ്ത്രബോധവും യുക്തിചിന്തയും നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടായിക്കൂട. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് നമ്മുടെ നാട് പുരോഗതിയിലേക്കെത്തിയത്. അതിൽനിന്നുള്ള മടങ്ങിപ്പോക്ക് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും. ജനങ്ങളുടെ ബോധമണ്ഡലത്തെ മലീമസമാക്കുന്ന അത്തരം ശക്തികൾക്കെതിരെ ഒരേ മനസ്സോടെ അണിചേരുമെന്ന് ദൃഢപ്രതിജ്ഞ കൈക്കൊള്ളേണ്ട സന്ദർഭം കൂടിയാണ് ഈ കേരളപ്പിറവി ദിനം.