വ്യാജ ബിരുദ കേസ്; സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം സമർപ്പിച്ച് പോലീസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് പോലീസ്. വ്യാജ ബിരുദം സംബന്ധിച്ച കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസ് അന്വേഷണം നടത്തിയ കൺടോൺമെന്റ് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയ്ക്ക് മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്.

സ്വപ്ന സുരേഷും സച്ചിൻ ദാസ് എന്നയാളുമാണ് കേസിലെ പ്രതികൾ. വ്യാജ രേഖയുണ്ടാക്കിയത് സച്ചിൻ ദാസാണ്. എം ശിവശങ്കറിനെ കുറ്റപത്രത്തിലെ സാക്ഷി പട്ടികയിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല. എഫ്‌ഐആറിൽ ഉണ്ടായിരുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, വിഷൻ ടെക്‌നോളജി എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. ശിവശങ്കറിന്റെ അനുമതിയോടെയാണ് വ്യാജ നിയമനമെന്ന് നേരത്തെ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ശിവശങ്കറിനെയും കൺസൾട്ടൻസികളെയും രക്ഷപ്പെടുത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

മുംബൈ ആസ്ഥമായ ബാബ സാഹിബ് അംബേക്കർ സർവ്വകലാശാലയുടെ പേരിലാണ് സ്വപ്‌നയ്ക്ക് സർട്ടിഫിക്കറ്റുണ്ടാക്കിയത്. ഈ വ്യാജ ബിരുദം നൽകിയാണ് ഐടി വകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാർക്കൽ സ്വപ്ന നിയമനം നേടിയത്.