സംസ്ഥാനത്തെ സി.സി.ടി.വികള്‍ പ്രവര്‍ത്തന സജ്ജമെന്ന് ഉറപ്പ് വരുത്തണം; നിര്‍ദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സി.സി.ടി.വികളും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തണമെന്ന നിര്‍ദ്ദേശവുമായി ഡിജിപി അനില്‍കാന്ത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂര്‍ണ്ണമായും സി.സി.ടി.വി പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി പൊലീസ് ഏകോപിപ്പിക്കും. എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുളള ക്ലോസ് സര്‍ക്യൂട്ട് റ്റി.വി ക്യാമറകളുടെയും ഓഡിറ്റിംഗ് നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, പൊലീസ് നിയന്ത്രണത്തില്‍ വരുന്ന സി.സി.ടി.വി ക്യാമറകളുടെ എണ്ണം, ഇനം, സ്ഥാപിച്ചിരിക്കുന്ന സ്ഥലം, പൊലീസ് സ്റ്റേഷന്‍, പ്രവര്‍ത്തനരഹിതമാണെങ്കില്‍ അതിന്റെ കാരണം എന്നിവ ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയും കണ്‍ട്രോള്‍ റൂമും അതത് പൊലീസ് സ്റ്റേഷന്‍ അധികൃതരും ശേഖരിച്ച് സൂക്ഷിക്കുകയും, പൊലീസ് കണ്‍ട്രോള്‍ റൂമിലും പോലീസ് സ്റ്റേഷനുകളിലും ഫീഡ് ലഭ്യമായ ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുളള സി.സി.റ്റി.വി ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കണം. പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള സി.സി.റ്റി.വി ക്യാമറകളുടെ വിവരങ്ങള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ ശേഖരിച്ച് സൂക്ഷിക്കണം. പൊലീസിന്റെ ക്യാമറകളില്‍ പ്രവര്‍ത്തനരഹിതമായവ പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി.