തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററെ പാർട്ടി പോളിറ്റ് ബ്യുറോ അംഗമായി തെരഞ്ഞെടുത്തു. ഡൽഹിയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗമാണ് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുത്തത്.
മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് എം വി ഗോവിന്ദൻ മാസ്റ്റർ പോളിറ്റ് ബ്യൂറോയിലേക്ക് എത്തുന്നത്. പോളിറ്റ് ബ്യൂറോയിൽ 17-ാമനാകും ഗോവിന്ദൻ. മൂന്നാം സ്ഥാനത്താണ് പിണറായി വിജയനുള്ളത്.
1970ലാണ് ഗോവിന്ദൻ പാർട്ടി അംഗമാകുന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായും എറണാകുളം ജില്ലാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനി മുൻ ചീഫ് എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം.
2006 മുതൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് എം.വി ഗോവിന്ദൻ. 2018 ൽ അദ്ദേഹം കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിസ്ഥാനം രാജിവെച്ചത്.

