തിരുവനന്തപുരം: രാജ്ഭവന് ഇ ഓഫീസ് ഒരുക്കാനായി 75 ലക്ഷം അനുവദിച്ചതിൽ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. രാജ്ഭവന് ഫണ്ട് നൽകിയത് അനുനയത്തിനല്ലെന്ന് അദ്ദേഹം പറഞ്ഞു. ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച നടപടി വലിയ വാർത്തയായിരുന്നു. ഗവർണർ -സർക്കാർ പോര് രൂക്ഷമായി തുടരുന്നതിനിടെ അനുനയത്തിനുള്ള നീക്കമാണ് പണം അനുവദിക്കൽ എന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്ഭവന് ഇ ഓഫീസ് ഒരുക്കാനായി തുക അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രാജ്ഭവനിൽ കേന്ദ്രീകൃത നെറ്റ് വർക്കിംഗും ഇ ഓഫീസും സജ്ജീകരിക്കാനാണ് പണം അനുവദിച്ചത്. കഴിഞ്ഞ ബഡ്ജറ്റിൽ നടത്തിയ പ്രഖ്യാപനമാണിതെങ്കിലും ട്രഷറി നിയന്ത്രണം കാരണം പണം അനുവദിച്ചിരുന്നില്ല. പണം നൽകണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ കഴിഞ്ഞ സെപ്തംബറിൽ ധനവകുപ്പിന് കത്തെഴുതിയിരുന്നു.
സെപ്തംബർ മാസം 22 നാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി 75 ലക്ഷം അനുവദിക്കണം എന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിന് കത്ത് നൽകിയത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് 75 ലക്ഷം രൂപ അനുവദിക്കാനുള്ള ഫയൽ ധനകാര്യ വകുപ്പിന് കൈമാറിയത്. ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയാണ് തുക അനുവദിച്ചത്. അതിനാൽ, തുക രാജ്ഭവന് ട്രഷറിയിൽ നിന്ന് ഉടൻ മാറാൻ സാധിക്കും.

