ഹിജാബ് വിരുദ്ധ പ്രക്ഷോഭം; സാക്കസിൽ മാത്രം കൊല്ലപ്പെട്ടത് 160 പ്രക്ഷോഭകർ

ടെഹ്‌റാൻ: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം കനക്കുന്നു. മഹ്‌സ അമിനിയുടെ മരണത്തിന്റെ നാൽപതാം നാൾ സാക്കസിൽ തടിച്ചുകൂടിയ പ്രക്ഷോഭകർക്ക് നേരെ ഇറാൻ സേന വെടിയുതിർത്തു. സാക്കസിൽ മാത്രം 24 കുട്ടികളടക്കം 160 പ്രക്ഷോഭകർ കൊല്ലപ്പെട്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നത്. 20 സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

കോളജുകളിലെമ്പാടും വിദ്യാർത്ഥികളെ ഭരണകൂടം ബന്ദികളാക്കിയിരിക്കുകയാണെന്ന ആരോപണം ഉയരുന്നുണ്ട്. സൗത്ത് കെർമാൻ, കെർമാൻഷാ, അഹ്വാസ് എന്നിവിടങ്ങളിലെ കാമ്പസുകളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തിയ വിദ്യാർത്ഥികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഇനി തെരുവിലിറങ്ങിയാൽ കലാപത്തിനിറങ്ങാൻ ആളുണ്ടാവില്ല എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി വെടിവയ്പ്പിന് നേതൃത്വം നൽകിയ ഗാർഡ് കോറിന്റെ തലവൻ മേജർ ജനറൽ ഹുസൈൻ സലാമി നൽകിയ മുന്നറിയിപ്പ്.