രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച് സർക്കാർ; ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

തിരുവനന്തപുരം: കേരളാ രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്. സെപ്തംബർ മാസം 22 ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി 75 ലക്ഷം അനുവദിക്കണം എന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് 75 ലക്ഷം രൂപ അനുവദിക്കാനുള്ള ഫയൽ ധനകാര്യ വകുപ്പിന് കൈമാറിയത്.

രാജ് ഭവനിൽ ഇ ഓഫിസ് നടപ്പിലാക്കാനാണ് 75 ലക്ഷം രൂപ സർക്കാർ അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയാണ് തുക അനുവദിച്ചത്. അതിനാൽ, തുക രാജ്ഭവന് ട്രഷറിയിൽ നിന്ന് ഉടൻ മാറാൻ സാധിക്കും. 25 ലക്ഷം രൂപയ്ക്ക് മേലുള്ള തുക മാറണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം.

അതേസമയം, ഗവർണറും സർക്കാരും തമ്മിലുള്ള പോര് ദിനംപ്രതി കനക്കുകയാണ്. മന്ത്രി കെ എൻ ബാലഗോപാലിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അദ്ദേഹം അപ്രീതി രേഖപ്പെടുത്തി. ഇതുസംബന്ധിച്ച് ഗവർണർ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ട്.

കെ എൻ ബാലഗോപാൽ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായി. കേരളത്തിലെയും ദേശീയ തലത്തിലെയും മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണർ ഓഫീസിന്റെ അന്തസ്സ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവർണർ ആരോപിക്കുന്നു.

ഉത്തർപ്രദേശിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നുവെന്നാണ് ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ വിശദമാക്കുന്നു.