സൗദിയിലെ ആദ്യ ദേശീയ ഗെയിംസിന് റിയാദില്‍ തുടക്കം

റിയാദ്: സൗദി അറേബ്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഗെയിംസിന് റിയാദ് ബഗ്ലഫിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ഉദ്ഘാടനം ചെയ്തു. ആറായിരത്തിലധികം കായിക താരങ്ങളും 2,000 സാങ്കേതിക വിദഗ്ധരും അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പര്‍വൈസര്‍മാരും ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്.

ആറായിരത്തിലധികം പുരുഷ-വനിതാ കായിക താരങ്ങള്‍ക്ക് മത്സരിക്കാനും അവരുടെ പ്രതിഭ മാറ്റുരക്കാനുമുള്ള സുവര്‍ണാവസരമാണ് കിരീടാവകാശി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സൗദി ഗെയിംസിന്റെ ആദ്യ പതിപ്പില്‍ ലഭിക്കുന്നത്. 200-ലധികം സൗദി ക്ലബ്ബുകളെ പ്രതിനിധീകരിച്ചാണ് ഇത്രയധികം കായികതാരങ്ങള്‍ 40 കായിക ഇനങ്ങളിലായി മത്സരിക്കുന്നത്. ഇതിന് പുറമെ വിഭിന്നശേഷിക്കാരുടെ പാരാലിമ്ബിക്സില്‍ അഞ്ച് കായിക ഇനങ്ങളിലാണ് മത്സരം നടക്കുന്നതെന്നും കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ വിശദീകരിച്ചു.

റിയാദ് നഗരത്തിലെ 22 സ്റ്റേഡിയങ്ങളിലായാണ് ഗെയിംസ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് പാരാലിമ്ബിക് ഇനങ്ങളുള്‍പ്പടെ 45 കായിക ഇനങ്ങളില്‍ നടക്കുന്ന 180 മത്സരങ്ങളില്‍ 6,000-ലധികം പുരുഷ-വനിതാ അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. ആകെ 20 കോടി റിയാല്‍ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഓരോ ഇനത്തിലെയും സ്വര്‍ണ മെഡല്‍ ജേതാവിന് 10 റിയാലാണ് സമ്മാനം. വെള്ളി മെഡലിന് മൂന്ന് ലക്ഷം റിയാലും വെങ്കലം മെഡലിന് ഒരു ലക്ഷം റിയാലുമാണ് സമ്മാനം.