ഷാരോണിന്റെ ജീവനെടുത്തത് കോപ്പർ സൾഫേറ്റ് എന്ന തുരിശ്: അളവിൽ അധികം ശരീരത്തിലെത്തിയാൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും

തിരുവനന്തപുരം: ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന്റെ ഞെട്ടലിലാണ് കേരളം. കൃഷിയിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന കോപ്പർ സൾഫേറ്റ് എന്ന തുരിശാണ് ഷാരോണിന്റെ ജീവൻ കവർന്നത്. കാമുകന്റെ ജീവനെടുക്കാൻ വേണ്ടി ഗ്രീഷ്മ കഷായത്തിൽ കലക്കിയത് തുരിശാണ്. കവുങ്ങ്, റബ്ബർ തുടങ്ങി മിക്ക വിളകൾക്കും കുമിൾനാശിനിയായി ഇത് ഉപയോഗിക്കും. കാർഷിക മേഖലയിൽ പ്രധാന കീടനാശിനിയാണ് കോപ്പർ സൾഫേറ്റ് വെള്ളത്തിൽ കലർത്തി കുമ്മായവുമായി ചേർത്ത് നിർമിക്കുന്ന ബോർഡോ മിശ്രിതം.

നീല നിറത്തിലാണ് കോപ്പർ സൾഫേറ്റ് കാണാൻ കഴിയുന്നത്. ശരീരത്തിനുള്ളിൽ എത്തിയാൽ വൃക്ക, കരൾ എന്നിവയെ ഇത് ദോഷകരമായി ബാധിക്കും. ചെറിയ അളവിൽ ഉള്ളിലെത്തിയാൽ വളരെ പതുക്കെയാണ് ഇത് കരളിനെ ബാധിക്കുക. പിന്നീട് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. കൂടുതൽ അളവിലാണ് തുരിശ് ഉള്ളിലെത്തുന്നതെങ്കിൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. ഉള്ളിലെത്തുന്ന ആളുടെ ആരോഗ്യ സ്ഥിതിയനുസരിച്ചായിരിക്കും വിഷത്തിന്റെ തീവ്രത.

പേപ്പർ പ്രിന്റിംഗ്, കെട്ടിടനിർമ്മാണം, ഗ്ലാസുകളിലും മൺപാത്രങ്ങളിലും കളറിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കും കോപ്പർ സൾഫേറ്റ് ഉപയോഗിക്കുന്നുണ്ട്. അതേസമയം, ഷാരോൺ കൊലക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് കാമുകനായ ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്ന് എഡിജിപി അജിത് കുമാർ വ്യക്തമാക്കി. ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി ചേർത്തു നൽകിയെന്ന് ഗ്രീഷ്മ പോലീസിനോട് വെളിപ്പെടുത്തി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഷാരോൺ കൊലപാതകത്തിന്റെ വിശദാംശങ്ങളും ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളും എഡിജിപി വിശദീകരിച്ചു.

കടയിൽ നിന്ന് വാങ്ങിയ കഷായമല്ല ഗ്രീഷ്മ ഷാരോണിന് നൽകിയത്. ഇതിനായി ഗ്രീഷ്മ കഷായം വീട്ടിലുണ്ടാക്കി. അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ച ശേഷം അതിലേക്ക് കീടനാശിനി കലർത്തുകയായിരുന്നു.