കൊല്ലം: അഷ്ടമുടിക്കായലിലെ സെന്റ് തോമസ്, സെന്റ് ജോര്ജ്, ഫാത്തിമ ദ്വീപുകളിലും ഇവിടേക്കുള്ള കവാടമായ മുക്കാട്ടും പരിസരത്തും ഡെങ്കിപ്പനി പടരുന്നു. താമസക്കാരായ പലരെയും ആശുപത്രിയില് പ്രവേശിപ്പിച്ചു. സെന്റ് തോമസ് ദ്വീപിലെ 100 കുടുംബങ്ങളില് 50 കുടുംബങ്ങളും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. 20 കുടുംബങ്ങള് അഞ്ചാലുംമൂട്ടിലെ ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ മെഡിക്കല് കോളേജ് ആശുപത്രിയിലും ചികിത്സയിലാണെന്നും സെന്റ് തോമസ് ദ്വീപ് നിവാസിയായ ജോസ് പ്രതികരിച്ചു.
അതേസമയം, നാലുപേരെ സ്വകാര്യ മെഡിക്കല് കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. വെന്റിലേറ്ററിലായിരുന്ന യുവതി ഇന്നലെ രാത്രി മരിച്ചു. ഒക്ടോബറില് ഡെങ്കി ബാധിച്ച 110 പേരെ നഗരത്തിലെ എ.ജി.സി. ആശുപത്രിയില് പ്രവേശിപ്പിച്ചതായി ഇവിടത്തെ ഡോ. ജോര്ജ് ചാക്കോ അറിയിച്ചു.
ആദ്യത്തേക്കാള് കഠിനമായ ലക്ഷണങ്ങളാണ് രോഗബാധിതര്ക്കുള്ളത്. ഡെങ്കി കാരണം ചിലര്ക്ക് ഹൃദയത്തിനു പ്രശ്നമുണ്ടാകുന്നുണ്ട്. അപസ്മാരലക്ഷണങ്ങളും, മരുന്നു കൊടുത്തിട്ടും നില്ക്കാത്ത രീതിയില് ഛര്ദ്ദിയും ചിലരില് കണ്ടുവരുന്നുണ്ട്.

