ആര്‍എസ്പി മുന്‍ ദേശീയ നേതാവ് പ്രൊഫ ടി.ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു

ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ ടി.ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തിരുവനന്തപുരം ജില്ലയില്‍ ജനിച്ച അദ്ദേഹം ബി.എ, എം.എ പരീക്ഷകള്‍ റാങ്കോടെയാണ് പാസായത്. പിന്നീട് ആര്‍.എസ്.പി വിദ്യാര്‍ത്ഥി സംഘടനയില്‍ സജീവമാവുകയും കെ. ബാലകൃഷ്ണന്റെ കൗമുദിയില്‍ പത്രപ്രവര്‍ത്തകനായി കുറച്ചു കാലം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

1969-1987 കാലയളവില്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും 1975 ല്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാവുകയും ചെയ്തു. 1995 മുതല്‍ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1999ലാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008ല്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി. ഷിബു ബേബി ജോണ്‍ ഉള്‍പ്പടെയുള്ളവരെ ആര്‍എസ്പി ബിയില്‍ നിന്ന് ആര്‍എസ്പിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മറ്റന്നാളാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക.