വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ഇരട്ട കാർ ബോംബ് സ്ഫോടനം; നൂറിലേറെ പേർ കൊല്ലപ്പെട്ടു

മൊഗാദിഷു: സോമാലിയയിൽ സ്‌ഫോടനം. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ നടന്ന ഇരട്ട കാർ ബോംബ് സ്ഫോടനത്തിൽ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സ്‌ഫോടനാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടന്നിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും മാധ്യമ പ്രവർത്തകനും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സൊമാലിയയിലെ വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ അൽ ഷബാബ് തീവ്രവാദ ഗ്രൂപ്പാണെന്ന് സൊമാലിയൻ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. തങ്ങൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ തീവ്രവാദികൾ അയച്ച സന്ദേശമായിരുന്നു കാർ ബോംബ് സ്ഫോടനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഓഗസ്റ്റിൽ മൊഗാദിഷുവിലെ ഹോട്ടലിൽ നടന്ന ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കെതിരെ സമ്പൂർണ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന നിലപാടിലാണ് പ്രസിഡന്റ്.