ഷാരോൺ കൊലക്കേസ്; വീട്ടിലേക്ക് വിളിച്ചു വരുത്തിയത് കൊല്ലണം എന്ന ലക്ഷ്യത്തോടെ, പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…

തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ കൊലക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് കാമുകനായ ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്ന് എഡിജിപി അജിത് കുമാർ വ്യക്തമാക്കി. ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി ചേർത്തു നൽകിയെന്ന് ഗ്രീഷ്മ പോലീസിനോട് വെളിപ്പെടുത്തി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഷാരോൺ കൊലപാതകത്തിന്റെ വിശദാംശങ്ങളും ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളും എഡിജിപി വിശദീകരിച്ചു.

കടയിൽ നിന്ന് വാങ്ങിയ കഷായമല്ല ഗ്രീഷ്മ ഷാരോണിന് നൽകിയത്. ഇതിനായി ഗ്രീഷ്മ കഷായം വീട്ടിലുണ്ടാക്കി. അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ച ശേഷം അതിലേക്ക് കീടനാശിനി കലർത്തുകയായിരുന്നു. ഡൈ ആസിഡ് ബ്ലൂ എന്ന രാസവസ്തു അടങ്ങിയതാണ് കീടനാശിനി. ആന്തരികാവയവങ്ങൾക്ക് കേടുണ്ടാക്കാൻ സാധിക്കുന്ന രാസവസ്തുവാണിതെന്നും എഡിജിപി പറഞ്ഞു.

കഷായത്തിന് ശേഷം ഷാരോണിന് ഗ്രീഷ്മ ജ്യൂസും നൽകിയിരുന്നു. മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം ജാതകദോഷം കാരണം പറഞ്ഞ് ഷാരോണിനെ ഉപേക്ഷിക്കാൻ ഗ്രീഷ്മ നോക്കിയിരുന്നു. എന്നാൽ ഷാരോൺ ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കൊലപാതകം നടത്താൻ തന്നെ ഗ്രീഷ്മ തീരുമാനിച്ചത്.

ഷാരോൺ ബാത്‌റൂമിൽ പോയപ്പോഴാണ് ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലക്കിയത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരും തമ്മിൽ വിവാഹം നടന്നതായി ഗ്രീഷ്മ പറഞ്ഞിട്ടില്ലെന്നും പള്ളിയിൽ പോയി സിന്ദൂരം ചാർത്തിയതായി മാത്രമാണ് പറഞ്ഞതെന്നും എഡിജിപി മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.