ലോകത്താകമാനമുള്ള മസ്തിഷ്‌കാഘാത രോഗികളിൽ 60 ശതമാനവും ഇന്ത്യയിൽ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

ലോകത്താകമാനമുള്ള മസ്തിഷ്‌കാഘാത രോഗികളിൽ 60 ശതമാനവും ഇന്ത്യയിലെന്ന് ആരോഗ്യ വിദഗ്ധർ. ഒരു ലക്ഷത്തിൽ 135 മുതൽ 150 പേർക്ക് വരെ ഇന്ത്യയിൽ മസ്തിഷ്‌കാഘാതം കണ്ടുവരുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രണ്ടു കാരണങ്ങളാലാണ് മസ്തിഷ്‌കാഘാതം ഉണ്ടാകുന്നത്. ഒന്ന്, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് രക്തയോട്ടത്തിന് തടസ്സമുണ്ടാകുന്നത്. ത്രോംബോട്ടിക് സ്ട്രോക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. രക്തധമനികൾ പൊട്ടി തലച്ചോറിൽത്തന്നെയുണ്ടാകുന്ന രക്തസ്രാവമാണ് രണ്ടാമത്തെ വിഭാഗം. സെറിബ്രൽ ഹെമറേജ് അഥവാ ബ്രെയിൻ ഹെമറേജ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഉയർന്ന രക്തസമ്മർദമാണ് ഇതിന് പ്രധാനകാരണം.

മസ്തിഷ്‌കാഘാതത്തിൽ 85 ശതമാനവും ആദ്യവിഭാഗത്തിൽപ്പെടുന്നതാണ്. പതിനഞ്ച് ശതമാനം പേർക്ക് രക്തസ്രാവം ഉണ്ടാകുന്നു. വാർധക്യം (65 വയസ്സിനു മുകളിൽ), ഉയർന്ന രക്തസമ്മർദം, പ്രമേഹം, രക്തത്തിൽ അമിതമായ കൊളസ്ട്രോളിന്റെ അളവ്, പുകവലി, അമിതമായ മദ്യപാനം, പാരമ്പര്യം, ഹൃദ്രോഗങ്ങൾ തുടങ്ങിയവയാണ് മസ്തിഷ്ഘാതത്തിന്റെ കാരണങ്ങൾ.

മസ്തിഷ്‌കാഘാതത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനും ചികിത്സാസംവിധാനത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മസ്തിഷ്‌കാഘാതരോഗത്തിന്റെ പ്രതിരോധത്തിനും രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും സമഗ്രമായ പദ്ധതികൾ നടപ്പാക്കണമെന്ന നിർദ്ദേശവും വിദഗ്ധർ മുന്നോട്ടുവെയ്ക്കുന്നു.