കൊച്ചി: ഗവര്ണര്ക്കെതിരെ സര്വ്വകലാശാല സെനറ്റ് പ്രമേയം പാസാക്കിയതില് അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഗവര്ണര്ക്കെതിരെ പ്രമേയം പാസാക്കാന് സെനറ്റിന് ആകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ചാന്സലര് സെര്ച്ച് കമ്മിറ്റി രൂപീകരിച്ചതില് എതിര്പ്പുണ്ടെങ്കില് പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. സെനറ്റ് അംഗങ്ങള് നല്കിയ ഹര്ജി പരിഗണിക്കവെയാണ് കോടതി അതൃപ്തി അറിയിച്ചത്.
അതേസമയം, സര്വ്വകലാശാലക്ക് വൈസ് ചാന്സലര് ഇല്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. നോമിനിയെ നിര്ദ്ദേശിക്കാന് ഉദ്ദേശമില്ലെങ്കില് തുറന്നു പറയണമെന്നും വിവാദം തീര്ക്കാന് സര്വ്വകലാശാലക്ക് താല്പ്പര്യമില്ലേയെന്നും കോടതി ചോദിച്ചു. പ്രശ്നം പരിഹരിക്കാന് നോക്കുമ്പോള് അംഗീകരിക്കാത്തത് നിരാശാജനകമാണ്. സര്വ്വകലാശാലയുടെയും വിദ്യാര്ഥികളുടെയും ഭാവിയാണ് കോടതിക്ക് വലുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്വ്വകലാശാല വിസിയെ വേണ്ടെന്ന് തീരുമാനിച്ചാല് കോടതി തുടര് നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് അടങ്ങുന്ന ബെഞ്ച് അറിയിച്ചു.
ഹര്ജി കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ പുതിയ ആളുകളെ നിയമിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും.

