ഇടുക്കി: കോളേജ് യൂണിയന് ചെയര്മാനടക്കം രണ്ട് പേരെ സസ്പെന്ഡ് ചെയ്തതില് പ്രതിഷേധിച്ച് കട്ടപ്പന സര്ക്കാര് കോളേജില് പ്രിന്സിപ്പലിനെ വിദ്യാര്ത്ഥികള് പൂട്ടിയിട്ടു. എന്നാല്, സസ്പെന്ഷന് പിന്വലിക്കില്ലെന്നാണ് സ്റ്റാഫ് കൗണ്സിലിന്റെ തീരുമാനം.
കഴിഞ്ഞ 28ന് പെണ്കുട്ടികളുടെ ഹോസ്റ്റലിലേക്ക് കുട്ടികള് വൈകിയെത്തിയതിനാല് അവരെ പ്രവേശിപ്പിക്കുന്നതിന് വാര്ഡന് തടസം പറഞ്ഞിരുന്നു. ഇതില് യൂണിയന് നേതാക്കള് ഇടപെടുകയും വാക്കുതര്ക്കത്തിലേക്ക് മാറുകയും ചെയ്തതോടെ കോളേജ് യൂണിയന് ചെയര്മാന് ജിഷ്ണു കെ ബിയെയും രഞ്ജിത്തിനെയും പ്രിന്സിപ്പല് സസ്പെന്ഡ് ചെയ്യുകയായിരുന്നു. ഇതില് പ്രതിഷേധിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള വിദ്യാര്ത്ഥികളുടെ സമരം.
അതേസമയം, പൊലീസിന്റെ നേതൃത്വത്തില് വിദ്യാര്ത്ഥികളുമായി ചര്ച്ച നടന്നെങ്കിലും സസ്പെന്ഷന് പിന്വലിക്കാതെ പ്രതിഷേധത്തില് നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാര്ത്ഥികളുടെ നിലപാട്. എന്നാല്, സസ്പെന്ഷന് പിന്വലിക്കില്ലെന്ന് കോളേജിലെ സ്റ്റാഫ് കൗണ്സിലും വ്യക്തമാക്കി.

