കൊച്ചി: സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കോതമംഗലം നെല്ലിക്കുഴിയിലുള്ള ഒരു പബ്ലിക്ക് സ്കൂളിന്റെ സെക്യൂരിറ്റി ഓഫീസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.
വിൽപ്പന നടത്താൻ വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്. സ്കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിറ്റിരുന്നുവെന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. സുരക്ഷാ ജീവനക്കാരൻ കഞ്ചാവ് സൂക്ഷിച്ച് വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ. എക്സൈസ് സംഘം പരിശോധനക്ക് എത്തിയതിന് പിന്നാലെ ജീവനക്കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജുവിനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾ ലഹരി സംഘത്തിലെ അംഗമാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിഖ്, മുനീർ, കുത്തുകുഴി സ്വദേശി ഹരികൃഷ്ണൻ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ ലഹരിയ്ക്ക് അടിമകളാണെന്ന് എക്സൈസ് വിശദമാക്കി. അതേസമയം, സിസിടിവി പ്രവർത്തിക്കാത്തതിനാൽ ഈ സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം.

