ഷാരോണിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്; കഷായത്തിൽ വിഷം കലർത്തിയതായി പെൺകുട്ടിയുടെ കുറ്റസമ്മതം

തിരുവനന്തപുരം: പാറശ്ശാലയിലെ യുവാവ് ഷാരോണിന്റെ മരണത്തിൽ വഴിത്തിരിവ്. പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്നാണ് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെൺകുട്ടിയുടെ കൂടുതൽ വാട്‌സ് ആപ്പ് ചാറ്റുകളും പുറത്ത് വന്നിട്ടുണ്ട്. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാർത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്. ഛർദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയിൽ നിന്ന് ഷാരോൺ നടത്തിയ വാട്‌സാപ്പ് ചാറ്റിലുമുണ്ട് അടിമുടി ദുരൂഹത. വീട്ടിൽ വന്ന ഓട്ടോക്കാരനും ജ്യൂസ് കുടിച്ചപ്പോൾ അസ്വസ്ഥത ഉണ്ടായിരുന്നു എന്ന് പെൺകുട്ടി പറയുന്നുണ്ട്. ഇതും ആസിഡോ വിഷമോ ഉള്ളിൽ ചെന്നതിനാലാവാമെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെയാണ് ഈ മാസം ആദ്യം ചലഞ്ചെന്ന പേരിൽ ഷാരോണും സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.