ആലപ്പുഴ: ജില്ലയില് പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തില് പ്രതിരോധ നടപടികള് വിലയിരുത്താനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില് നിന്ന് ഡോക്ടര് രാജേഷ് കടമണി, ഡോക്ടര് രുചി ജയിന് എന്നിവരുള്പ്പടെ 7 അംഗ വിദഗ്ധ സംഘം ആലപ്പുഴയില് പര്യടനം തുടങ്ങി. ജില്ലാ കളക്ടര് വി.ആര് കൃഷ്ണ തേജ ഉള്പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംഘം രാവിലെ കൂടിക്കാഴ്ച നടത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പാടശേഖരത്തിലും പരിസരപ്രദേശങ്ങളിലും സംഘം സന്ദര്ശനം നടത്തും.
അതേസമയം, കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴയില് പക്ഷിപ്പനിക്ക് കാരണമായ H5 N1 സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച താറാവുകള് ഉള്പ്പെടെയുള്ള വളര്ത്ത് പക്ഷികളെ കൊല്ലുന്ന നടപടികള് കഴിഞ്ഞ ദിവസം മുതല് ഹരിപ്പാട് കേന്ദ്രീകരിച്ച് നടന്നിരുന്നു. വഴുതാനം പാടശേഖരത്താണ് പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ചത്. അതിനാല് ഇവിടുന്ന് ഒരു കിലോമീറ്റര് പരിധിയിലുള്ള വീടുകളിലെ വളര്ത്ത് പക്ഷികളെ നേരത്തെ കൊന്നിരുന്നു. എന്നാല്, ചിലര് പക്ഷികളെ ഒളിപ്പിച്ചതായും ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
അതിനിടെ,എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാര്ത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂര്, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.

