തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില് നിര്ദ്ദേശിച്ച ‘ഒരു രാജ്യം, ഒറ്റ പൊലീസ് യൂണിഫോം’ എന്ന ആശയത്തോട് അനുകൂല നിലപാട് ഉണ്ടെങ്കിലും കാക്കി യൂണിഫോം മാറ്റുന്നതിനോട് കേരള പൊലീസിന് വിയോജിപ്പുണ്ട്. ഇക്കാര്യം കേന്ദ്രത്തില് നിന്ന് നിര്ദ്ദേശം വരുമ്ബോള് അറിയിക്കും. ജനങ്ങളുടെ മനസില് പതിഞ്ഞുപോയതാണ് കാക്കി വേഷമെന്നും നീലയോ മറ്റേതെങ്കിലും നിറത്തിലോ മാറ്റുന്നതിനോട് യോജിപ്പില്ലെന്നും പൊലീസ് ആസ്ഥാനം അറിയിച്ചു.
2018ല് ലോക്നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കെ സംസ്ഥാനത്ത് പൊലീസ് യൂണിഫോം പരിഷ്കരിക്കാന് ശുപാര്ശ ചെയ്തിരുന്നു. നേവി ബ്ലൂ- കറുപ്പ്, ഒലിവ് ഗ്രീന്- നേവി ബ്ലൂ, നേവി ബ്ലൂ- ചുവപ്പ് എന്നിങ്ങനെ നിറങ്ങളും വിയര്പ്പോ വെള്ളമോ ആയാല് എളുപ്പത്തില് ഉണങ്ങുന്ന വിധത്തിലുള്ള തുണിയുമായിരുന്നു ശുപാര്ശ. എന്നാല്, ഇത് സര്ക്കാര് അംഗീകരിച്ചില്ല. ഒരു കമ്ബനിയില് നിന്ന് ഒരേ തരത്തിലുള്ള കാക്കിത്തുണി വാങ്ങണമെന്ന ബെഹ്റയുടെ ഉത്തരവും വിവാദമായതിനെത്തുടര്ന്നാണ് അന്ന് ഇത് നടപ്പിലാക്കാതിരുന്നത്.
ഇവര്ക്കും കാക്കി വേണ്ട
പൊലീസിന്റേതിന് സമാനമായ കാക്കി യൂണിഫോം മറ്റ് വകുപ്പുകളില് ഉപയോഗിക്കുന്നത് നിറുത്തലാക്കണമെന്ന ഡി.ജി.പി അനില്കാന്തിന്റെ ശുപാര്ശ സര്ക്കാരിന്റെ പരിഗണനയില്
ഫയര്ഫോഴ്സ്, വനം, എക്സൈസ്, ജയില്, ഹെല്ത്ത്, ലീഗല് മെട്രോളജി, സ്റ്റുഡന്റ് പൊലീസ്, മോട്ടോര് വാഹന വിഭാഗങ്ങളിലെ കാക്കി യൂണിഫോം മാറ്റണമെന്നാണ് ശുപാര്ശ
പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങള്ക്ക് പൊലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാര്ക്കും കാക്കി യൂണിഫോം ധരിക്കാന് പാടില്ല
ഫയര്ഫോഴ്സ്, ജയില്, വനംവകുപ്പുകള് ക്രമസമാധാന ചുമതലയില് ഉള്പ്പെടാത്തതിനാല് മറ്റൊരു യൂണിഫോം നല്കണം
മോട്ടോര് വാഹന, എക്സൈസ് ഉദ്യോഗസ്ഥരുടെ യൂണിഫോം പരിഷ്കരിക്കണം

