സംസ്ഥാനത്ത് ഉള്ളി വില വർദ്ധിക്കുന്നു; ഇനിയും ഉയരാൻ സാധ്യതയെന്ന് വ്യാപാരികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളി വില വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഉള്ളിവില വീണ്ടും ഉയർന്നു. 40 രൂപ വരെയാണ് ഇപ്പോൾ ഒരു കിലോ ഉള്ളിയുടെ വില. ഉള്ളിയുടെ ലഭ്യത കുറവാണ് വില ഉയരാൻ കാരണം. കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 60 മുതൽ 80 ശതമാനം വരെയാണ് ഉള്ളിയുടെ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.

23 രൂപ മുതൽ 30 രൂപ വരെയായിരുന്നു ഈ മാസം ഉള്ളിയുടെ വില. എന്നാൽ, തക്കാളിയുടെ വിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. നവംബർ ആദ്യവാരത്തോടെ പുതിയ വിളകൾ വിപണിയിലെത്തുന്നതുവരെ വിലക്കയറ്റം തുടരാൻ സാധ്യതയുണ്ട്.

വരും ദിവസങ്ങളിൽ ഉള്ളി വില 50 രൂപ കടന്നേക്കുമെന്നാണ് വിവരം. ശബരിമല സീസൺ എത്തുന്നതോടെ രാജ്യത്ത് പച്ചക്കറികളുടെ ആവശ്യം വർദ്ധിപ്പിക്കുന്നത് വിലക്കയറ്റത്തിന് കാരണമായേക്കും. ബീറ്റ്റൂട്ട്, കാരറ്റ്, മുരിങ്ങ തുടങ്ങിയവയുടെ വിലയും വർദ്ധിച്ചിരിക്കുകയാണ്.