ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ അപകടം; നാല് മീറ്റര്‍ വീതിയുള്ള വഴിയില്‍ തിങ്ങിഞെരുങ്ങിയത് ഒരുലക്ഷത്തിലധികം പേര്‍

സോള്‍: ദക്ഷിണ കൊറിയയിലെ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാല് മീറ്റര്‍ മാത്രം വീതിയുള്ള വഴിയില്‍ ഒരുലക്ഷത്തിലധികം ആളുകളാണ് തിങ്ങി നിറഞ്ഞത്. ഇതുകാരണം ആംബുലന്‍സുകള്‍ക്ക് പോലും അപകട സ്ഥലത്തേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തിരക്ക് കാരണം ഒരു ഭാഗത്ത് അപകടമുണ്ടായപ്പോഴും ഇതറിയാതെ മറുഭാഗത്ത് നൃത്തവും ആഘോഷങ്ങളും തുടരുകയായിരുന്നു. ഇതും ആംബുലന്‍സുകള്‍ക്ക് എത്തിച്ചേരാനാവാത്ത സ്ഥിതിയുണ്ടാക്കി.

പ്രധാന ആഘോഷ വേദിയായ ഇത്തായ്വോണിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്. സമീപത്തെ ഹോട്ടലില്‍ നിന്നും ഇത്താണ്‍ സബ്വേ സ്റ്റേഷനില്‍ നിന്നുമായിട്ടാണ് ഇവിടേക്ക് ജനങ്ങള്‍ ഒഴുകിയെത്തിയത്. ചെരിഞ്ഞ വഴിയുടെ മുകളിലുണ്ടായിരുന്നവര്‍ താഴേക്ക് വീഴാന്‍ തുടങ്ങിയതോടെയാണ് കൂട്ടിയിടിയും പരിഭ്രാന്തിയുമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 149 പേര്‍ മരി്ക്കുകയും 150-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പലരും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അഗ്‌നിശമനസേനാ വിഭാഗം അറിയിച്ചു.

അതേസമയം, കോവിഡിന് ശേഷം ആദ്യമായി പൊതുസ്ഥലത്ത് മാസ്‌കില്ലാതെ നടന്ന ഹാലോവീന്‍ ആഘോഷമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. അപകടത്തിന് പിന്നാലെ ജനങ്ങളോട് വീടുകളിലേക്ക് തിരികേ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പ്രസിഡന്റ് യൂണ്‍ സുക് ഇയോള്‍ നിര്‍ദേശം നല്‍കി.