അഭിപ്രായവ്യത്യസം ചായകുടിച്ച് സംസാരിച്ച് തീർക്കുന്നതാണ് പതിവ്; പ്രതികരണവുമായി പി എസ് ശ്രീധരൻ പിള്ള

കോഴിക്കോട്: കേരളത്തിലെ മുഖ്യമന്ത്രി – ഗവർണർ പോരിൽ പരോക്ഷ പ്രതികരണവുമായി ബിജെപി നേതാവും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ള. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ഗവർണർ- സർക്കാർ പോരിൽ അദ്ദേഹം പരോക്ഷ പ്രതികരണം നടത്തിയത്. മിസോറാം ഗവർണറായിരുന്നപ്പോഴും ഇപ്പോൾ ഗോവ ഗവർണർ ആയപ്പോഴും അവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കി.

എന്നാൽ മുഖ്യമന്ത്രിമാരുമായി വൈകുന്നേരങ്ങളിൽ ചായ കുടിക്കാൻ ഇറങ്ങുമ്പോൾ ഇക്കാര്യങ്ങളെല്ലാം സംസാരിക്കുമെന്നും പിന്നെ ഏകാഭിപ്രായത്തിലെത്താറാണ് പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവ യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റിലേക്ക് ഗുരുവായൂരപ്പൻ കോളജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്റെ പേര് ശുപാർശ ചെയ്തതുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.