ന്യൂഡൽഹി: ഗവർണർ അരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി. ഗവർണറും സർക്കാരും തമ്മിലുള്ള വിയോജിപ്പ് സിപിഎം കേന്ദ്ര കമ്മിറ്റി് ചർച്ച ചെയ്തു. പൊതു രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായാണ് ചർച്ച നടന്നത്.
ഗവർണറുടെ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും ചർച്ചയിൽ വിലയിരുത്തി. ഗവർണർ ആർ എസ് എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും സിപിഎം ഉയർത്തി. വിഷയം ദേശീയ തലത്തിൽ ഉന്നയിക്കാനും കേരളത്തിലെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് മാറി ഗവർണർക്കെതിരെ പ്രതിപക്ഷത്തിന്റെ പിന്തുണ നേടാനുമാണ് സിപിഎം ലക്ഷ്യമിടുന്നത്. ഗവർണർ മന്ത്രിമാർക്കെതിരെ നടത്തിയ ആരോപണങ്ങളും യോഗത്തിൽ ചർച്ചാ വിഷയമായി.
അതേസമയം, ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാരെന്ന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് വിമർശിച്ചു.

