തിരുവനന്തപുരം: വിഖ്യാത ശില്പ്പി കാനായി കുഞ്ഞിരാമന് രൂപകല്പ്പന ചെയ്ത ശംഖുമുഖത്തിന്റെ സാഗരകന്യക ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്പ്പം എന്ന പേരില് ഗിന്നസില് ഇടം നേടി. 1990ല് ആണ് മത്സ്യ കന്യകയുടെ നിര്മ്മാണം കാനായിയെ ഏല്പ്പിക്കുന്നത്. എന്നാല്, ശില്പ്പം അശ്ശീലമെന്ന പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ജില്ലാ കളക്ടര് നിര്മ്മാണം നിര്ത്തി വെക്കാന് ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്ന്ന് കാനായി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ പോയി കാണുകയും അദ്ദേഹം കളക്ടറെ വിളിച്ച് ശില്പ്പം പൂര്ത്തിയാക്കാന് വേണ്ടത് ചെയ്യണമെന്ന് പറഞ്ഞതും അദ്ദേഹം ഇന്നും ഓര്ക്കുന്നു.
രണ്ടു വര്ഷത്തിന് ശേഷമാണ് ശില്പ്പം പൂര്ത്തിയായത്. കാനായി പ്രതിഫലം വാങ്ങിയതുമില്ല. കഴിഞ്ഞ ലോക്ഡൗണ് കാലത്ത് ശില്പ്പത്തോടു ചേര്ന്നുള്ള മണ്തിട്ടയില് വലിയ പ്ലാറ്റ്ഫോം കെട്ടി ഹെലികോപ്റ്റര് സ്ഥാപിച്ചു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ഫോണില് വിളിച്ച് പറഞ്ഞിട്ടും തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടപെടാമെന്ന് പറഞ്ഞതല്ലാതെ ഒന്നും സംഭവിച്ചില്ലെന്നും സര്ക്കാരിന് ഇപ്പോഴും ശില്പ്പത്തിന്റെ വില മനസിലാകുന്നില്ലെന്നും കാനായി പറയുന്നു.
തറയില് ആറടിയോളം താഴ്ത്തി ഇരുമ്പ് ചട്ടക്കൂടൊരുക്കി കോണ്ക്രീറ്റില് നിര്മ്മിച്ച ശില്പ്പത്തിന് 87 അടി നീളവും 25 അടി ഉയരവുമുണ്ട്.

