സഭ ടിവി പുനസംഘടനയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ; സാങ്കേതിക നടപടികൾ നിയമസഭാ ഐടി വിഭാഗം ഏറ്റെടുക്കും

തിരുവനന്തപുരം: സഭ ടിവി പുനസംഘടനയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. സ്വകാര്യ കമ്പനിയെ പൂർണ്ണമായും ഒഴിവാക്കി ഒടിടി അടക്കമുള്ള സാങ്കേതിക നടപടികൾ നിയമസഭാ ഐടി വിഭാഗം ഏറ്റെടുക്കാനാണ് തീരുമാനം. അതേസമയം, സോഷ്യൽ മീഡിയ കൺസൾട്ടന്റ് അടക്കം ആറ് തസ്തികകളിലേക്ക് നിയമനത്തിന് സഭാ ടിവി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രോഗ്രാം കോഡിനേറ്റർ, ക്യാമറാമാൻ ക്യാമറ അസിസ്റ്റന്റ് വീഡിയോ എഡിറ്റർ ഗ്രാഫിക് ഡിസൈനർ സോഷ്യൽ മീഡിയ കൺസൾട്ടന്റ് തസ്തികകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.

നിയമസഭാ നടപടികൾ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് സഭാ ടിവി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ സഭാ ടിവിയുടെ പ്രവർത്തനംപിന്നീട് പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഡോക്യുമെന്ററികൾ, വെബ് വീഡിയോ പ്രൊഡക്ഷൻ, പരിപാടികളുടെ ഗുണനിലവാരം, ചെലവഴിച്ച തുക തുടങ്ങി വിവിധ വിഷയങ്ങളിൽ വിവാദങ്ങൾ ഉയർന്നിരുന്നു. ഓടിടി പ്ലാറ്റ് ഫോമും ,സോഷ്യൽ മീഡിയ മാനേജ്‌മെന്റും ബിട്രെയിറ്റ് എന്ന കരാർ കമ്പനിക്കായിരുന്നു. കമ്പനിയുടെ കാര്യക്ഷമതയെ കുറിച്ച് കാര്യമായ പരാതികൾ ഉയർന്നതോടെ പ്രവർത്തനം വിലയിരുത്താൻ നിയമസഭ ഐടി വിഭാഗം പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.

എന്നാൽ, പ്രവർത്തനം വിലയിരുത്താൻ തയ്യാറാക്കിയ 20 ഇന മാനദണ്ഡങ്ങളിൽ ഒന്നിനു പോലും ഒപ്പമെത്താൻ സ്ഥാപനത്തിന് കഴിഞ്ഞിരുന്നില്ല. എഡിറ്റോറിൽ ടീമുമായി ഗുരുതരമായ അഭിപ്രായ ഭിന്നയും ഉണ്ടായിരുന്നു.