ന്യൂഡൽഹി: വ്യാജവാർത്തകൾക്കും അവയുടെ പ്രചാരണത്തിനുമെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വിഷയത്തെ ദേശീയതലത്തിൽ ആശങ്ക സൃഷ്ടിക്കാവുന്ന വിധത്തിലാക്കാൻ ഒരു വ്യാജവാർത്തയ്ക്ക് കെൽപുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗമായ ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.
ഏതു വിവരവും ഫോർവേഡ് ചെയ്യുന്നതിന് മുൻപ് പത്തുവട്ടം ചിന്തിക്കണം. ഈ വിവരങ്ങൾ വിശ്വസിക്കുന്നതിന് മുൻപ് യഥാർത്ഥമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. എല്ലാ പ്ലാറ്റ്ഫോമുകൾക്കും ഏത് വിവരത്തിന്റെയും യാഥാർഥ്യം പരിശോധിക്കാൻ സംവിധാനങ്ങളുണ്ട്. വ്യത്യസ്തയിടങ്ങളിൽ തിരയുകയാണെങ്കിൽ നിങ്ങൾക്ക് അതിനെ കുറിച്ചുള്ള പുതിയ അറിവ് ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഫോർവേഡ് ചെയ്യുന്നതിന് മുൻപ് സന്ദേശങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള സംവിധാനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചേ മതിയാകൂ. വ്യാജവാർത്തകൾ വസ്തുതാപരിശോധനയ്ക്ക് വിധേയമാക്കേണ്ടത് നിർബന്ധമാണെന്നും സാങ്കേതികവിദ്യയ്ക്ക് ഇതിൽ പ്രധാന പങ്കുവഹിക്കാനുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

