കണ്ണൂർ: സതീശൻ പാച്ചേനിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സതീശന്റെ കുടുംബത്തിന് ഇന്നൊരു വീടില്ലെന്നും കോൺഗ്രസ് വില്ല എന്ന പേരിൽ ഒരു ഭവനം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി കെട്ടിക്കൊടുക്കും. ആ കുടുംബത്തിന്റെ എല്ലാ ബാധ്യതയും മറ്റെല്ലാം കാര്യങ്ങളും ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. അന്തരിച്ച സതീശൻ പാച്ചേനിയുടെ ഭാര്യ റീന സതീശനുമായി രാഹുൽ ഗാന്ധി ടെലിഫോണിൽ സംസാരിക്കുകയും ചെയ്തു. ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തിൽ അദ്ദേഹം പങ്ക് ചേരുകയും ചെയ്തു. കുടുംബത്തോടൊപ്പം എന്നും ഉണ്ടാവുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് സതീശൻ പാച്ചേനി കോൺഗ്രസിൽ എത്തിയത്. കമ്യൂണിസ്റ്റ് പാർട്ടിക്കായി ഒട്ടേറെ കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പാച്ചേനി ഉറുവാടന്റെ കൊച്ചുമകനായിരുന്നു സതീശൻ പാച്ചേനി. എ.കെ ആന്റണിയുടെ രാഷ്ട്രീയത്തെ പിന്തുടർന്ന് കെഎസ്യുവിലൂടെ വളർന്നാണ് കണ്ണൂരിൽ കോൺഗ്രസിന്റെ പ്രതീകമായത്.
കമ്യൂണിസ്റ്റ് കുടുംബത്തിൽനിന്നുള്ള പാച്ചേനി കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെ.എസ്.യുവിനൊപ്പം ചേർന്നപ്പോൾ സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ വലിയ എതിർപ്പാണുയർന്നത്. കോൺഗ്രസിലേക്കുള്ള അടുപ്പം കാരണം തന്റെ പതിനാറാം വയസ്സിൽ തറവാട്ടിൽ നിന്നുപോലും അദ്ദേഹത്തിന് പടിയിറങ്ങേണ്ടിവന്നു. റേഷൻ കാർഡിൽ നിന്ന് കുടുംബം അദ്ദേഹത്തിന് പേരും വെട്ടി. എന്നാൽ, സതീശൻ പാച്ചേരി കോൺഗ്രസിനോടൊപ്പം തന്നെ ഉറച്ചു നിന്നു.
കെഎസ്യുവിന്റെ സംസ്ഥാന പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്ന് കെഎസ്.യുവിന്റെ സംസ്ഥാന പ്രസിന്റായ ഒരേയൊരു നേതാവ് സതീശൻ പാച്ചേനിയാണ്. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാതെ തന്നെ കെപിസിസി സെക്രട്ടറിയായി കോൺഗ്രസ് സംഘടനാ തലപ്പത്തേക്കെത്തിയ വ്യക്തിയാണ് അദ്ദേഹം. പിന്നാലെ കണ്ണൂർ ഡിസിസി പ്രസിന്റായും അദ്ദേഹം പ്രവർത്തിച്ചു.
കണ്ണൂരിൽ ഡിസിസി ഓഫീസെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ വേണ്ടി സ്വന്തം വീടുവരെ വിറ്റ നേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം അദ്ദേഹം ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപാണ് ജില്ലാ ഓഫീസിന്റെ നിർമാണം പൂർത്തിയാക്കിയത്. ഡിസിസി ഓഫീസിന്റെ പണി പൂർത്തിയാക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് സ്വന്തം വീട് ഉൾപ്പെടെ വിറ്റ് പണി പൂർത്തിയാക്കാൻ അദ്ദേഹം തീരുമാനിച്ചത്.

