കെപിസിസി പ്രസിഡന്റായി കെ സുധാകരന് രണ്ടാമൂഴം; പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരന് രണ്ടാമൂഴം. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിയമിക്കുന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ, കെപിസിസി അംഗങ്ങൾ ചേർന്ന് കെപിസിസി പ്രസിഡന്റിനെയും എഐസിസി അംഗങ്ങളെയും നിയമിക്കുന്നതിന് കോൺഗ്രസ് പ്രസിഡന്റിനെ ചുമതല നൽകിയിരുന്നു. സംസ്ഥാനത്തെ നേതാക്കൾക്കിടയിൽ സുധാകരൻ പ്രസിഡന്റായി തുടരട്ടെയെന്നാണ് പൊതു ധാരണ.

കോൺഗ്രസ് പ്ലീനറി യോഗത്തിലാണ് ഏറ്റവും ഉയർന്ന സമിതിയായ പ്രവർത്തകസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുക. പ്ലീനറി സമ്മേളനത്തിന് മുമ്പുതന്നെ തർക്കമില്ലാത്ത സംസ്ഥാനങ്ങളിൽ പ്രസിഡന്റുമാരെ നിശ്ചയിക്കുമെന്നാണ് സൂചന. ഭാരത് ജോഡോ യാത്രകൂടി കണക്കിലെടുത്ത് മാർച്ചോടെയാകും പ്ലീനറി സമ്മേളനം നടക്കുന്നത്. ഭാരവാഹികൾക്ക് മാറ്റംവരാനിടയുണ്ട്. ചിന്തൻശിബിര തീരുമാനങ്ങൾപ്രകാരം പാർട്ടിസ്ഥാനങ്ങളിൽ പകുതിപ്പേർ 50 വയസ്സിൽ താഴെയുള്ളവരായിരിക്കണമാണ് നിബന്ധന.

പുതിയ അധ്യക്ഷൻ തിരഞ്ഞെടുക്കപ്പെട്ടതോടെ മൂന്നുമാസത്തിനകം എഐസിസിയുടെ പ്ലീനറി സമ്മേളനം ചേർന്ന് പ്രവർത്തക സമിതി അംഗങ്ങളെ നിശ്ചയിക്കണം എന്നാണ് കോൺഗ്രസിന്റെ ചട്ടം. 25 വർഷം മുൻപാണ് കോൺഗ്രസിൽ അവസാനമായി പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് നടന്നത്. പിന്നീട് ഇതുവരെ പ്രവർത്തക സമിതിയിലെ അംഗങ്ങളെ എല്ലാവരെയും കോൺഗ്രസ് അധ്യക്ഷൻ നാമനിർദേശം ചെയ്യുകയായിരുന്നു പതിവ് രീതി. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ അധ്യക്ഷൻ ആയതോടെയാണ് പ്രവർത്തകസമിതി തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായത്.