തിരുവനന്തപുരം: നീതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഷാരോൺ രാജിന്റെ കുടുംബം. പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തിലാണ് നീതി തേടി കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. ലോക്കൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നു. രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് കുടുബം വ്യക്തമാക്കുന്നത്. ഷാരോണിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
അന്ധവിശ്വാസത്തിന്റെ ഭാഗമായി ഷാരോണിനെ കാമുകി വിഷം നൽകി കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. ആന്തരികവായവങ്ങളുടെ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം ശക്തിപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ മാസം 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ മൂന്നാംവർഷ ബിഎസ്എസി വിദ്യാർത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്നാട്ടിലെ രാമവർമ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിർത്തിയ ശേഷം വീടിനകത്തേക്ക് പോയ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിൻ പോലീസിനോട് വെളിപ്പെടുത്തി.
കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശ നിലയിലായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഇതിനിടെ ഷാരോണിന് കഷായം നൽകിയെന്ന് സമ്മതിച്ചും ക്ഷമാപണം നടത്തിയും കാമുകി അയച്ച വാട്സ് ആപ്പ് സന്ദേശം പുറത്തു വന്നിട്ടുണ്ട്.

