കോഴിക്കോട്: കേരളത്തിൽ പ്രതിപക്ഷത്ത് നേതാക്കൾ തമ്മിൽ ഏകോപനമില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. നല്ല നേതാക്കളാണ് പ്രതിപക്ഷത്തുള്ളതെന്നും എന്നാൽ പ്രവർത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രവർത്തക സമിതിയിലേക്ക് താത്കാലിക പട്ടികയാണ് പുറത്തുവന്നത്. അതിനപ്പുറത്തേക്ക് ആ പട്ടികയ്ക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. പുതിയ ലിസ്റ്റ് വരുമ്പോൾ കാര്യമായ പരിഗണന കേരളത്തിന് ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഖാർഗെയുടെ നേതൃത്വം കോൺഗ്രസിന് പുതിയ ചൈതന്യം കൊണ്ടുവരും. കോൺഗ്രസിന്റെ ദേശീയ നേതൃ നിരയിൽ നിന്ന് ഗാന്ധി കുടുംബം മാറി നിൽക്കുന്നുവെന്ന തരത്തിൽ വിലയിരുത്തൽ വരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടക്കുന്നത് അഴിമതി മാത്രമാണ്. സ്പ്രിംഗ്ളർ കേസിൽ അന്വേഷണം വേണമെന്ന ആവശ്യവും മുല്ലപ്പള്ളി മുന്നോട്ടുവെയ്ക്കുന്നു. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിൽ വിശ്വാസം ഉണ്ടെന്നതാണ് സ്പ്രിംഗ്ളർ കരാർ തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

