കണ്ണൂര് സര്വകലാശാല വൈസ് ചാന്സലര് വിഷയത്തില് തെറ്റായ വിവരങ്ങള് നല്കിയെന്ന നിഗമനത്തില് ഗവര്ണറുടെ അടുത്ത നടപടി അഡ്വക്കേറ്റ് ജനറലിനെതിരെയെന്ന് സൂചന. ഗോപിനാഥ് രവീന്ദ്രന് പുന:ര്നിയമനം നല്കുന്നത് നിയമപരമാണെന്നായിരുന്നു എ.ജി യുടെ നിയമോപദേശം. അതിനാല് സെര്ച്ച് കമ്മിറ്റിയെ നിയമിക്കാതെ നിയമനം നടത്താന് ഇതുവഴി രാജ് ഭവന് നിര്ബന്ധിതമാവുകയായിരുന്നു.
അതേസമയം, ഗവര്ണറുടെ കാരണം കാണിക്കല് നോട്ടീസിന് വൈസ് ചാന്സലര്മാര് ഇതുവരെ മറുപടി നല്കിയിട്ടില്ല. വിശദമായ നിയമോപദേശം ലഭിച്ച ശേഷം മറുപടി നല്കിയാല് മതിയെന്നാണ് വിസിമാരുടെ നിലപാട്. നവംബര് മൂന്നിനകം മറുപടി നല്കണമെന്ന് കാട്ടി കഴിഞ്ഞ 25നാണ് വൈസ് ചാന്സലര്മാര്ക്ക് ഗവര്ണര് കത്ത് നല്കിയത്. എന്തുകൊണ്ട് നിര്ദേശിച്ച സമയത്തിനകം രാജിവച്ചില്ലെന്ന് മറുപടിയില് വ്യക്തമാക്കണം. നിയമനം ചട്ടവിരുദ്ധമല്ലെങ്കില് അതും വൈസ് ചാന്സിലര്മാര് തന്നെ വിശദമാക്കണമെന്നാണ് കാരണം കാണിക്കല് നോട്ടിസില് ആവശ്യപ്പെടുന്നത്.
എന്നാല്, നിയമവശങ്ങളെല്ലാം പരിശോധിച്ച് സര്ക്കാര്തലത്തില് കൂടിയാലോചനകളും നടത്തിയ ശേഷം നവംബര് മൂന്നിനോടടുത്ത് വിശദീകരണം മതി എന്നാണ് വിസിമാരുടെ നിലപാട്. അതിനാല്, ചട്ടവിരുദ്ധമായി തങ്ങള് ഒന്നും ചെയ്തിട്ടില്ലെന്നും ചാന്സലറുടെ അനുമതിയോട് കുടിയാണ് സ്ഥാനത്ത് ഇതുവരെ തുടര്ന്നതെന്നും വിസിമാര് വിശദീകരിക്കും.

