കോയമ്ബത്തൂര്‍ സ്ഫോടനം: സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിലെ പരിചയക്കുറവ് വന്‍ ദുരന്തം ഒഴിവാക്കിയെന്ന് എന്‍ഐഎ

ചെന്നൈ: കോയമ്ബത്തൂര്‍ ഉക്കടത്തുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്‍ ചാവേറായിരുന്നുവെന്നും സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിലെ പരിചയക്കുറവാണ് വന്‍ ദുരന്തങ്ങളില്‍ നിന്ന് രക്ഷിച്ചതെന്നും എന്‍ഐഎ.

ഐഎസിന്റെ ആശയങ്ങളാലാണ് മുബീന്‍ തീവ്രവാദിയായതെന്നും ഇയാള്‍ക്ക് മറ്റ് പരിശീലനങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ബോംബ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിരവധി വീടുകളും സ്ഥാപനങ്ങളുമുള്ള സ്ഥലത്താണ് സ്ഫോടനം നടന്നത്. ക്ഷേത്രത്തിന് മുന്‍പില്‍ കാര്‍ നിര്‍ത്തിയതിനു ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഫോടനമുണ്ടായതായും തീപ്പിടിച്ച കാറില്‍ മുബീന്‍ ഇറങ്ങി മുന്നോട്ടു നടന്നതായും ദൃക്‌സാക്ഷി പറയുന്നു. കാറില്‍ നിന്നും അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്നും ദൃക്സാക്ഷി വ്യക്തമാക്കി.

അതേസമയം, ആക്രമണം നടത്തുന്നതിന് മുന്‍പ് മുബീനും സഹായികളായ മുഹമ്മദ് അസഹ്‌റുദ്ദീനും അഫ്‌സര്‍ ഖാനും ബിഗ് ബസാര്‍ സ്ട്രീറ്റിലെ കോനിയമ്മന്‍ ക്ഷേത്രത്തിലും പുളിയകുളം വിനായനഗര്‍ ക്ഷേത്രത്തിലുമെത്തിയിരുന്നു. ഇവിടെ നിരീക്ഷണം നടത്തിയതിന് ശേഷമാണ് ആക്രമണത്തിനുള്ള സാമഗ്രികള്‍ പ്രതികള്‍ വാങ്ങിയതെന്നും, ഇതിനിടെ ഗാന്ധിപാര്‍ക്കിലെ എല്‍പിജി ബുക്കിംഗ് കേന്ദ്രത്തിലെത്തി സിലിണ്ടറുകളും പഴയ മാര്‍ക്കറ്റില്‍ നിന്ന് സ്റ്റീല്‍ ഡ്രമ്മുകളും ഇവര്‍ വാങ്ങിയതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.