സ്വപ്‌നയുടെ രഹസ്യമൊഴിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ല; സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഇഡി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന സ്വപ്നയുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്ര സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറിന് പങ്കുണ്ടെന്ന് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.

അന്വേഷണ സംഘത്തിന് മുമ്ബാകെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം സ്വന്തന്ത്ര ജുഡീഷ്യല്‍ ഫോറത്തിന് മുമ്ബാകെയാണ് രഹസ്യ മൊഴി നല്‍കിയത്. കേസിലെ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതില്‍ മറ്റ് താല്‍പര്യങ്ങളൊന്നുമില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ശിവശങ്കര്‍ ഉന്നയിക്കുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടി.

കേസിലെ പ്രതികളായ പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ശിവശങ്കറിന് വേണ്ടി സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സംസ്ഥാന സര്‍ക്കാരും കേരള പോലീസും ശ്രമിച്ചിട്ടുണ്ടെന്നും സ്വതന്ത്രവും നിക്ഷ്പക്ഷവുമായ വിചാരണ കേരളത്തില്‍ നടക്കുമോയെന്ന ആശങ്ക ഉള്ളതിനാലാണ് കേസ് ബംഗളൂരുവിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും ഇഡി വ്യക്തമാക്കി.