തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് നിലവിൽ പരിഗണനയിലുള്ള വിഷയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഗവർണറുടെ നിലപാട് അനുദിനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഗവർണറെ ഭരണഘടനപരമായും നിയമപരമായും നേരിടാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മന്ത്രി കെ എൻ ബാലഗോപാലിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം വിമർശനവുമായി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അദ്ദേഹം അപ്രീതി രേഖപ്പെടുത്തി. ഇതുസംബന്ധിച്ച് ഗവർണർ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുകയും ചെയ്തിരുന്നു.
കെ എൻ ബാലഗോപാൽ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായി. കേരളത്തിലെയും ദേശീയ തലത്തിലെയും മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണർ ഓഫീസിന്റെ അന്തസ്സ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവർണർ ആരോപിക്കുന്നു.
ഉത്തർപ്രദേശിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നുവെന്നാണ് ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ വിശദമാക്കിയിരുന്നു.

