കൊച്ചി: വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി. റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. അദാനി നൽകിയ കോടതിയലക്ഷ്യഹർജിയിലായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സമരം പാടില്ല എന്ന് പറയാൻ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുത്. കോടതിയുടെ ഇടക്കാല ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും ഹൈക്കോടതി പ്രതിഷേധക്കാരോട് നിർദ്ദേശിച്ചു. സമരം കാരണം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹർജി സമർപ്പിച്ചത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. അതേസമയം, തിങ്കളാഴ്ച്ച ഹർജി വീണ്ടും പരിഗണിക്കും.

