നയതന്ത്ര സ്വർണക്കടത്തിൽ നീതിയുക്തമായ വിചാരണ കേരളത്തിൽ നടക്കില്ല; എൻഫോഴ്‌സ്‌മെന്റ്

ന്യൂഡൽഹി: നയതന്ത്ര സ്വർണക്കടത്തിൽ നീതിയുക്തമായ വിചാരണ കേരളത്തിൽ നടക്കില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിന്റെ തുടർ വിചാരണ കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം അറിയിച്ചത്. കേസിലെ പ്രതി സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയത് സ്വന്തം ഇഷ്ട പ്രകാരമാണെന്നും രാഷ്ട്രീയപ്രേരിതമോ ബാഹ്യസമ്മർദം മൂലമോ അല്ലെന്നും എൻപോഴ്‌സ്‌മെന്റ് കോടതിയിൽ വ്യക്തമാക്കി.

സർക്കാർ പലപ്പോഴും കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും എൻഫോഴ്‌സ്‌മെന്റ് ഉന്നയിക്കുന്നുണ്ട്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല. കേരളത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണ നടക്കുമോ എന്ന ആശങ്ക ഉള്ളതിനാലാണ് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരും കേരള പോലീസും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്നും ഇഡി പറഞ്ഞു.

സർക്കാർ ഭാഗത്തു നിന്ന് തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം ചെയ്യുന്നത് ശിവശങ്കറിനുവേണ്ടിയാണെന്നും ഇ ഡി കൂട്ടിച്ചേർത്തു.