ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസുകാർക്ക് ഒരേ യൂണിഫോം എന്ന നിർദ്ദേശം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്ര അന്വേഷണ ഏജൻസികളുമായി സംസ്ഥാനങ്ങൾ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന ചിന്തൻ ശിബിരത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹരിയാനയിലാണ് ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന ചിന്തൻ ശിബിരം നടക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് പരിപാടി നടന്നത്. സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് വ്യാപനം, അതിർത്തി കടന്നുള്ള ആക്രമണങ്ങൾ എന്നിവ നേരിടാനായാണ് ചിന്തൻ ശിബിരം സംഘടിപ്പിച്ചത്.
സാധാരണക്കാരുടെ സുരക്ഷയ്ക്കായി യോജിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. കുറ്റകൃത്യങ്ങൾ തടയേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു രാജ്യം ഒരു പോലീസ് എന്ന രീതിയിൽ മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

