വിവേചനം പരിഹരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പുമായി ക്രിക്കറ്റ് ബോര്ഡ്. ഇനി ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് താരങ്ങള്ക്ക് കിട്ടുന്ന അതേ വേതനം വനിതാ താരങ്ങള്ക്കും മാച്ച് ഫീ ആയി ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു. ഇന്ത്യന് ക്രിക്കറ്റ് ബോര്ഡ് തങ്ങളുടെ കരാറില് ഏര്പ്പെട്ടിരിക്കുന്ന വനിതാ താരങ്ങള്ക്ക് തുല്യ വേതന പോളിസി നടപ്പാക്കുകയാണെന്ന് ഷാ ട്വിറ്ററില് കുറിച്ചു.
‘വിവേചനങ്ങള് മാറ്റാനുള്ള ബിസിസിഐയുടെ ആദ്യ ചുവടുവെപ്പ് പ്രഖ്യാപിക്കുന്നതില് എനിക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ കരാറില് ഏര്പ്പെട്ടിരിക്കുന്ന ബിസിസിഐ വനിതാ ക്രിക്കറ്റ് താരങ്ങള്ക്കായി ഞങ്ങള് തുല്യ വേതന നയം നടപ്പിലാക്കുന്നു. ലിംഗസമത്വത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നമ്മള് നീങ്ങുമ്ബോള് ഇന്ത്യന് ക്രിക്കറ്റില് ഇനി പുരുഷന്മാര്ക്കും വനിതാ ക്രിക്കറ്റ് താരങ്ങള്ക്കും മാച്ച് ഫീ തുല്യമായിരിക്കും’- ഷാ ട്വീറ്റ് ചെയ്തു
ടെസ്റ്റ് (INR 15 ലക്ഷം), ഏകദിനം (INR 6 ലക്ഷം), T20I (INR 3 ലക്ഷം) എന്നിങ്ങനെ ആകും താരങ്ങള്ക്ക് ഒരു മത്സരത്തിനുള്ള വേതനം. പേ ഇക്വിറ്റി എന്നത് നമ്മുടെ വനിതാ ക്രിക്കറ്റ് താരങ്ങളോടുള്ള എന്റെ പ്രതിബദ്ധതയായിരുന്നു എന്നും ജയ്ഷാ കൂട്ടിച്ചേര്ത്തു

