ന്യൂഡൽഹി: ഭീകരരുടെ സാമ്പത്തിക വിവരങ്ങൾ കേന്ദ്ര സർക്കാരിന് നൽകണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ച പത്ത് പേരുടെ സാമ്പത്തിക വിവരങ്ങൾ കൈമാറാനാണ് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആർബിഐ നൽകിയിരിക്കുന്ന നിർദ്ദേശം.
ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കറെ ത്വയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകളിൽപ്പെട്ടവർ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിരോധിത സംഘടനാംഗങ്ങളായ ഇവരെ ഒക്ടോബർ നാലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലിസ്റ്റിൽ ഉൾപ്പെടുന്ന വ്യക്തികളോടോ സ്ഥാപനങ്ങളോടോ സാമ്യമുള്ള അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.
പാകിസ്ഥാൻ പൗരനായ ഹബീബുള്ള മാലിക്, ജമ്മുവിലെ ബരാമുള്ള സ്വദേശിയായ ബാസിത് അഹമ്മദ് റെഷി, സോപാർ സ്വദേശിയായ സജാദ്, പൂഞ്ചിൽ നിന്നുള്ള സലിം, പുൽവാമ സ്വദേശിയായ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ പാകിസ്ഥാനിൽ നിന്നും ഭീകര പ്രവർത്തനത്തിലേർപ്പെടുന്ന ഇംതിയാസ് അഹമ്മദ് കണ്ടൂ തുടങ്ങിയ ഭീകരർ ഈ ലിസ്റ്റിലുണ്ട്. ബാബർ, റഫീഖ് നായി, ഇർഷാദ് അഹ്മദ്, ബഷീർ അഹമ്മദ് പീർ, ബഷീർ അഹമ്മദ് ഷെയ്ഖ് തുടങ്ങിയവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

