മനുഷ്യാവകാശ ലംഘനങ്ങൾക്ക് മറുപടി പറയേണ്ട സമയം വരും; പാകിസ്താന് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

ശ്രീനഗർ: പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അധിനിവേശ കശ്മീരിൽ പാകിസ്താൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് മറുപടി പറയേണ്ട സമയം വരുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ അധിനിവേശ കശ്മീരിൽ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ്. അതിൽ നിന്ന് മുള്ളുകളായിരിക്കും മുളച്ചു വരുന്നത്. ഇതിന് കണക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. 1947ൽ ബുദ്ഗാം വിമാനത്താവളത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ വ്യോമ ലാൻഡിങ് ഓപറേഷനുകളുടെ സ്മരണക്കായി ശ്രീനഗറിൽ നടന്ന ‘ശൗര്യ ദിവസ്’ ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

പാക് അധീന കശ്മീർ തിരിച്ചു പിടിക്കുകയാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം. പാകിസ്താൻ അധിനിവേശം നടത്തിയ ഇന്ത്യൻ മണ്ണ് തിരിച്ചു പിടിക്കുക തന്നെ ചെയ്യും. അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് എന്തെല്ലാം അവകാശങ്ങളാണ് പാകിസ്താൻ നൽകുന്നതെന്ന് പറയാമോയെന്നും അദ്ദേഹം ചോദിക്കുന്നു. പാകിസ്താൻ അനധികൃതമായി കൈയടക്കിയ ചില പ്രദേശങ്ങൾ ഇപ്പോഴും പുരോഗതി കൈവരിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വികസനവും സമാധാനവും നഷ്ടപ്പെട്ടിരുന്നു. മുൻപ് ചില ഇന്ത്യാ വിരുദ്ധർ മതത്തിന്റെ പേരിൽ സമാധാനവും സൗഹാർദവും തകർക്കാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സർക്കാറിന്റെയും സേനയുടെയും നിരന്തര ശ്രമങ്ങൾ വഴി ജമ്മു കശ്മീരിൽ സമാധാനവും സമാധാനവും ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൈനികർ സ്ഥാപിച്ച ശക്തമായ അടിത്തറയിലാണ് ഇന്ന് രാജ്യം തലയുയർത്തി നിൽക്കുന്നത്. ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ് ഏറ്റവും വലിയ മഹത്വം. 1947 ലെ സംഭവം അത്തരത്തിലുള്ള ഒന്നാണ്. മനുഷ്യാവകാശ സംഘടനകളെയും പ്രതിരോധ മന്ത്രി രൂക്ഷമായി വിമർശിച്ചു. ഭീരരരെ സൈന്യം വധിക്കുമ്പോൾ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിക്കാൻ ഏറെ പേരുണ്ട്. ഭീകരാക്രമണങ്ങളിൽ വീരമൃത്യു വരിക്കുന്ന സൈനികർക്കും കൊല്ലപ്പെടുന്ന സാധാരണക്കാർക്കും ഇതേപോലെ മനുഷ്യാവകാശങ്ങൾ ഉണ്ട്. അതെന്താണ് ഇവരാരും കാണാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.