തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് എം ശിവശങ്കർ. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് എം ശിവശങ്കർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കണമെന്നാണ് ശിവശങ്കർ ആവശ്യപ്പെടുന്നത്. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഉത്തരവിനെതിരെയാണ് ശിവശങ്കർ ഹർജി നൽകിയത്.
2020 ജൂലൈ 7-ന് അവധിക്ക് താൻ അപേക്ഷിച്ചതാണെന്നും ഒരു വർഷത്തേക്ക് അവധിയിൽ പോകാൻ സർക്കാർ അനുവദിച്ചതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അവധി റദ്ദാക്കി സർക്കാർ തന്നെ സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. നേരത്തെ അനുവദിച്ച അവധി റദ്ദാക്കിയതിന് പിന്നിലും തന്നെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലും ബാഹ്യമായ ഇടപെടലും രാഷ്ട്രീയ കാരണങ്ങളുമാണ് ഉണ്ടായതെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി.
മാദ്ധ്യമങ്ങളുടെ കോലാഹലങ്ങളെ തൃപ്തിപ്പെടുത്താൻ നിരപരാധിയായ തന്നെ സസ്പെൻഡ് ചെയ്യാൻ സർക്കാർ നിർബന്ധിതരായെന്ന ആരോപണവും ശിവശങ്കർ മുന്നോട്ടുവെയ്ക്കുന്നു.

